ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍. കണ്ണൂരിലെ താമസ സ്ഥലത്ത് വച്ചാണ് മരിച്ച നിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്. മൃതദേഹം 9 മണിയോടെ മോര്‍ച്ചറിയില്‍ നിന്ന് കലക്ടറേറ്റില്‍ എത്തിക്കും.
പത്തുമണി മുതല്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായാണ് വീട്ടിലേക്കു കൊണ്ടുപോവുക. രണ്ടുമണിക്ക് ശേഷം പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. അതേ സമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമായി. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം നടന്നു.
അതിനിടെ, എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് ടൗണ്‍ പൊലീസ് മൊഴിയെടുത്തു. ദിവ്യയ്ക്കും പരാതിക്കാരനായ പ്രശാന്തിനുമെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലിസ് ഇതുവരെ കേസ് എടുത്തിട്ടില്ല. പൊതുവേദിയില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നുണ്ടായ പരസ്യമായ അധിക്ഷേപമാവാം മണിക്കൂറുകള്‍ക്കകം എഡിഎം ജിവനൊടുക്കിയത്.
സംഭവത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ ഉയരുന്നത് വന്‍ പ്രതിഷേധമാണ്. ബിജെപിയുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനും സര്‍വീസ് സംഘടനകളുടെ പ്രതിഷേധത്തിനും പിന്നാലെയായിരുന്നു ദിവ്യയുടെ വീട്ടിലേക്കുളള യൂത്ത് കോണ്ഗ്രസ് മാര്‍ച്ച്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്കുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ അകലെ സമരക്കാരെ തടയാനായി പൊലിസ് ബാരിക്കേഡ് കെട്ടിയിരുന്നു. പൊലിസ് ബാരിക്കേഡ് മറികടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."