നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍
പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്. വിലാപയാത്രയായി പത്തനംതിട്ട കളക്ടറേറ്റിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് എത്തിയത്. നവീന്‍ ബാബുവിന് ആദരാജ്ഞലി അര്‍പ്പിക്കാനെത്തി വിതുമ്പിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. പത്തനംതിട്ടയിലെ ഒരുപാട് കാതലായ പ്രതിസന്ധികള്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് തരണംചെയ്തിട്ടുള്ളതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രളയത്തിന്റെ സമയത്തും ശബരിമല തീര്‍ഥാടനകാലത്തും മറ്റും ആളുകള്‍ക്ക് സേവനം നല്‍കുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവിനെയാണ് ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുള്ളത്. ഇവിടെ വച്ച് ഇങ്ങനെ കാണേണ്ടിവരുമെന്നത് സഹിക്കാനാവുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
രണ്ടുമണിക്ക് ശേഷം പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് അതിന് മുന്‍പത്തെ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.
യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."