ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക്
പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം വെര്‍ച്വല്‍ ബുക്കിങ് 70,000 പേര്‍ക്ക്. നിലവില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ 80000 ആയിരുന്നു വെര്‍ച്വല്‍ ക്യൂ വഴി നിശ്ചയിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിനാണ് പുതിയ ക്രമീകരണം. തിരക്ക് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വെര്‍ച്ച്വല്‍ ക്യൂ എണ്ണം മാറ്റണമോ എന്ന് ആലോചിക്കും.
കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. പ്രവേശനം പ്രതിദിനം 70000 പേര്‍ക്ക് നിജപ്പെടുത്തി. 70,000 പേര്‍ക്കുള്ള പ്രവേശനം തുറന്നിട്ടുണ്ട്. ബാക്കി 10000 പേരെ എന്ത് ചെയ്യണമെന്ന് കൂടി ആലോചിച്ച് തീരുമാനിക്കും. തീരുമാനം ഉടന്‍ ഉണ്ടാകും. ഒരു ഭക്തനും തിരിച്ച് പോകുന്ന പ്രശനം ഉദിക്കുന്നില്ല. മണ്ഡലകാലത്ത് നട തുറക്കുന്നതിനു മുന്‍പേ തീരുമാനമുണ്ടാകും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടതെന്നും ഈ തിരക്ക് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല മണ്ഡലമകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."