പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിനു മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തും.
പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പൂരം അട്ടിമറിയില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിട്ടുണ്ടോ, ഗൂഢാലോചനയുണ്ടായിട്ടോ എന്നിവയെല്ലാമാണ് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുക. പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ, ആരാണ് അട്ടിമറി നടത്തിയത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് സഹായകരമായി അട്ടിമറിയുണ്ടായിട്ടുണ്ടോ എന്നിവ ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.
അതേസമയം, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. പൂരം കലക്കല്‍ സംഭവമുണ്ടായപ്പോള്‍, സ്ഥലത്തുണ്ടായിരുന്ന അജിത് കുമാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നത് സംശയകരമാണെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."