അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അര്‍ജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്.
അര്‍ജുന്റെ സഹോദരന്റെ ഡി.എന്‍.എ സാംപിളുമായാണ് കണ്ടെടുത്ത ശരീരത്തിലെ ഡി.എന്‍.എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
ഇന്നലെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോളാണ് അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. വീണ്ടും പരിശോധിച്ചതോടെ അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ബാഗും കണ്ടെത്തി. മകന്‍ അയാന് വേണ്ടി വാങ്ങിയ കളിപ്പാട്ടവും ചളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി. അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയായിരുന്നു കാബിനില്‍ നിന്നും കണ്ടെടുത്തത്.
അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ കഴുകി വൃത്തിയാക്കിയ ശേഷമാണ് റോഡരികിലായി വച്ചത്. ഇവ നിയമനടപടികളൊന്നിമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വസ്ത്രങ്ങളും കളിപ്പാട്ടവും മറ്റു വസ്തുക്കളുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചതാണെന്ന് സഹോദരന്‍ അഭിജിത്ത്, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ സ്ഥിരീകരിച്ചു.
മണ്ണിടിച്ചിലുണ്ടായി 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറിയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുന്നത്. മൂന്നാം ഘട്ട തിരച്ചിലിന്റെ നാലാം ദിവസമാണ്, ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ മണ്ണും കല്ലും മൂടിയ നിലയില്‍ ലോറിയും ക്യാബിനിനുള്ളില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ സേനാ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് ക്യാബിനില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ ബോട്ടില്‍ കരയിലേക്ക് എത്തിച്ചത്.
കരയില്‍നിന്ന് 65 മീറ്റര്‍ അകലെ ഗംഗാവാലി പുഴയില്‍ 12 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ലോഹഭാഗത്തിന്റെ സിഗ്‌നല്‍ ലഭിച്ച (കോണ്‍ടാക്ട് പോയിന്റ്-2 ) സ്ഥലത്തുനിന്നാണ് ലോറി ഉയര്‍ത്തിയെടുത്തത്. ക്രെയിന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുപയോഗിച്ചാണ് ലോറിയുടെ ക്യാബിന്‍ കരക്കെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."