കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ
കണ്ണൂർ: കുവൈത്ത് ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ കണ്ണൂർ സ്വദേശി അമലിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം ആശങ്കയിൽ. ഡിഎൻഎ പരിശോധനക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ മൂന്നാഴ്ചയായിട്ടും ഒരു അറിയിപ്പും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ തേടുകയാണ് മാതാപിതാക്കൾ.മകൻ മരിച്ചെങ്കിൽ മകൻ്റെ ശരീരം അവസാനമായി ഒരുനോക്കു കാണാനുള്ള അവസരമൊരുക്കണം എന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.
ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമൽ ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്. സെപ്തംബർ ഒന്നിന് ഇറാൻ കുവൈത്ത് അതിർത്തിയിൽ കപ്പൽ അപകടത്തിൽപ്പെട്ടെന്നും അമലും ഒരു തൃശ്ശൂർ സ്വദേശിയുമുൾപ്പെടെ ആറ് പേരെ കാണാതായെന്നും വിവരം കിട്ടിയിരുന്നു. മൂന്ന് മൃതദേഹങ്ങൾ കുവൈത്ത് ഇറാൻ സംയുക്ത സേനകളുടെ തെരച്ചിലിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനയ്ക്കായി കുവൈത്തിലെ എംബസി കുടുംബത്തെ ബന്ധപ്പെട്ടതിനെ തുടർന്ന് സാമ്പിൾ ഫലം അയച്ചുകൊടുത്തു. എന്നാൽ പിന്നീട് ഒരറിയിപ്പും ലഭിച്ചില്ല.
മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കുമുൾപ്പെടെ അപേക്ഷ നൽകി. എംബസിയിൽ നിന്നും അമലിനെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല. രേഖകളെല്ലാം അയച്ചെന്നല്ലാതെ നോർക്കയിൽ നിന്നും മറുപടിയില്ല. കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും തടസ്സമാകുന്നുവെന്നാണ് മറ്റ് വഴികളിലൂടെ ബന്ധുക്കളറിഞ്ഞത്. അപകടത്തിൽപ്പെട്ട തൃശ്ശൂർ സ്വദേശിയുടെ കാര്യത്തിലുമുണ്ട് അവ്യക്തത. മകനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഇനിയും വൈകുന്നതിൽ വലിയ വേദനയിലാണ് മാതാപിതാക്കൾ. അമലിനെ കുറിച്ചുള്ള വ്യക്തതയ്ക്കായി സർക്കാരുകൾ ഇടപെടണമെന്നാണ് മാതാപിതാക്കൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."