കലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
ആലപ്പുഴ: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. ഇരുവരുമായി പൊലിസ് കേരളത്തിലേക്ക് തിരിച്ചു. കൊലപാതകത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ഇവരെ ചോദ്യം ചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
കഴിഞ്ഞ ദിവസമാണ് കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തുശേരി ക്ഷേത്രത്തിന് സമീപമുള്ള വീടിനോട് ചേര്‍ന്നാണ് ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് നിര്‍ണായകമായത് . സുഭദ്ര മാത്യൂസിന്റെയും ശര്‍മിളയുടെയും വാടക വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ തിരികെപോകുന്നത് സി.സി.ടി.വിയില്‍ കണ്ടില്ല. മാത്യൂസിനെയും ശര്‍മിളയെയും ദിവസങ്ങളായി കാണാനില്ലെന്നും വ്യക്തമായതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്തുന്ന പൊലിസ് നായയെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
സുഭദ്രയുടെ മക്കളായ രഞ്ജിത്തും രാധാകൃഷ്ണനും ആലപ്പുഴയില്‍ എത്തി മൃതദേഹം സുഭദ്രയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുഭദ്രയുടെ കാലിലെ ബാന്‍ഡേജ് ഉള്‍പ്പെടെ മക്കള്‍ തിരിച്ചറിഞ്ഞു. മുട്ടുവേദനയ്ക്ക് സുഭദ്ര സ്ഥിരമായി ബാന്‍ഡേജ് ഉപയോഗിച്ചിരുന്നു. മൃതദേഹ ഭാഗത്തില്‍ നിന്നും ഇതുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് സുഭദ്ര തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ദമ്പതിമാരുമായി സുഭദ്രയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇടയ്ക്കിടെ ഇവര്‍ ദമ്പതിമാരുടെ വീട്ടില്‍ വന്നിരുന്നതായും അറിയുന്നു. ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് സുഭദ്ര ഇവര്‍ക്കൊപ്പം യാത്ര നടത്തിയിരുന്നു. സ്വര്‍ണവും പണവും കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ശര്‍മിളയും മാത്യൂസും നേരത്തെ കൊച്ചിയില്‍ ലോഡ്ജ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് സുഭദ്രയുമായി പരിചയത്തിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."