വ്യാപാരക്കരാറായില്ല, കശ്മീരില്‍ മേല്‍ക്കൈ നേടിയില്ല, നിക്ഷേപവുമില്ല; പക്ഷെ, മോദിയുടെ യു.എസ് സന്ദര്‍ശനത്തെ ആഘോഷിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: കൊട്ടിഘോഷിച്ച് നടത്തിയ യു.എസ് സന്ദര്‍ശനത്തിനു ശേഷം മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഘോഷത്തോടെ തന്നെ സ്വീകരണം നല്‍കിയിരിക്കുകയാണ് ബി.ജെ.പി. എന്നാല്‍ വലിയ പ്രതീക്ഷയോടെ പോയ മോദിക്ക് യു.എസില്‍ നിന്ന് നയതന്ത്രപരമായി ഒന്നും നേടാനായില്ലെന്നതാണ് വസ്തുത. യു.എസ്- ഇന്ത്യ തമ്മില്‍ കുറച്ചുകാലമായി തുടരുന്ന വ്യാപാരയുദ്ധത്തിന് പരിഹാരം കാണാനോ, ഒരു വ്യാപാരക്കരാറിലെത്താനോ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് ആയില്ല എന്നതാണ് പ്രധാന നഷ്ടം.
കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ പിന്തുണ ആര്‍ജ്ജിക്കാനോ യു.എസിനെ ബോധ്യപ്പൈടുത്താനോ പോലും ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചിട്ടില്ല. രാജ്യത്ത് വികസനോന്മുകമായ ഏതെങ്കിലും പരിപാടിയില്‍ നിക്ഷേപവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.
വ്യാപാര കരാറായില്ല
ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികളാണ് വ്യാപാര രംഗത്ത് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടത്. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറ്റ ഉടനെ തന്നെ ഇന്ത്യയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 1974 മുതല്‍ ഇന്ത്യ അനുഭവിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതായത്. കൂടാതെ, നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ ട്രംപ് സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിക്കുകയോ പുതുതായി ഏര്‍പ്പെടുത്തുകയോ ചെയ്തു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള നടപടികളൊന്നും ഇതുവരെ കാര്യക്ഷമമായുണ്ടായില്ല. ട്രംപും മോദിയുടെ കൂടിക്കാഴ്ച നടത്തുന്നതോടെ അതുണ്ടാവുമെന്നാണ് സാമ്പത്തികോ ലോകം പ്രതീക്ഷിച്ചിരുന്നത്.
നിക്ഷേപവും കൊണ്ടുവരാനായില്ല
വിദേശ നിക്ഷേപ രംഗത്ത് ഉദാരവല്‍ക്കരണം ശക്തമാക്കിയുള്ള നിലപാടെടുത്ത സര്‍ക്കാരാണ് മോദിയുടേത്. വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പല പദ്ധതികള്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും പ്രഖ്യാപിച്ചു. ഒടുവില്‍ സാമ്പത്തിക പ്രതിസന്ധിയെത്തിയെന്ന ഘട്ടത്തിലും വിദേശനിക്ഷേപകര്‍ക്കുള്ള കര്‍ശന ഉപാധികള്‍ ഒഴിവാക്കി ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപനങ്ങള്‍ നടത്തി.
മോദി എല്ലാ വിദേശരാജ്യങ്ങളിലും പറയുന്ന കാര്യം കൂടിയാണ്, 'ഇന്ത്യയില്‍ നിക്ഷേപിക്കൂ' എന്നത്. അതാതു രാജ്യങ്ങളിലെ കച്ചവട ഭീമന്മാരുമായി യോഗവും സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും അതുണ്ടായി. ടെക്‌സാസില്‍ മാത്രം മോദി കണ്ടത് ഊര്‍ജരംഗത്തെ 17 അമേരിക്കന്‍ ഭീമന്‍ കമ്പനികളെയാണ്. ന്യൂയോര്‍ക്കില്‍ 40 അമേരിക്കന്‍ മള്‍ട്ടിനാഷണല്‍സുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇവരില്‍ നിന്നൊന്നും കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പോക്കും കനത്ത തൊഴില്‍നഷ്ടവുമാണ് ഇവരെ പിന്തിരിപ്പിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
പേരിന് ഒരു കരാറുണ്ടായി. അത് മോദിയുടെ 'ഹൗഡി മോദി' പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായ ടെല്ലൂരിയാനുമായിട്ട് ഇന്ത്യയുടെ പെട്രോനെറ്റിന്റെ കരാറാണ്. ഈ കരാറിലൂടെ 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരവും അതിലൂടെ അരലക്ഷം തൊഴിലും സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്.
കശ്മീര്‍ കൂടുതല്‍ സങ്കീര്‍ണമായി
കശ്മീര്‍ വിഷയത്തിലും 'സുഹൃത്ത്' ട്രംപിന്റെ പൂര്‍ണവിശ്വാസം നേടാന്‍ മോദിക്കായിട്ടില്ല. അതിന് മികച്ച ഉദാഹരണമാണ്, മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും മുന്‍നിലപാടു തന്നെ ആവര്‍ത്തിക്കുന്നു എന്നുള്ളത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും ആ വിഷയത്തില്‍ പാകിസ്താനുമായി ചര്‍ച്ചയേ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
തീവ്രവാദ വിഷയത്തില്‍ പാകിസ്താനാണ് ലോകത്തെ ഏറ്റവും ശല്യമായ രാജ്യമെന്ന് അവതരിപ്പിക്കാനും ട്രംപിനെക്കൊണ്ട് മോദി ശ്രമിച്ചിരുന്നു. എന്നാല്‍ ഇറാനാണ് അതെന്നാണ് ട്രംപ് പറയുന്നത്. അതിലുമൊരു മാറ്റമുണ്ടാക്കാന്‍ മോദിക്കായില്ല. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും മോദിയോടും തനിക്ക് ഒരേ സമീപനമാണമെന്ന് മോദിയുടെ മുന്‍പില്‍ വച്ചു തന്നെ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം മോദിയും ട്രംപു തമ്മില്‍ നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിനു പക്ഷെ, മോദിയോട് പ്രത്യേക അനുകമ്പയൊന്നും ഇതുവരെ തോന്നിയതുമില്ല. ട്രംപ് പറയുന്നത് ഇങ്ങനെ: 'പരസ്പരം അറിയുകയാണെങ്കില്‍ മോദിയും ഇമ്രാനും ഒന്നിച്ചുപോകും. ആ ഒത്തുചേരലില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പുറത്തുവരുമെന്നും ഞാന്‍ കരുതുന്നു''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."