ബദിയഡുക്ക ടൗണും പരിസരവും സാമൂഹ്യവിരുദ്ധരുടെ പിടിയില്‍
ബദിയഡുക്ക: ബദിയഡുക്ക ടൗണും പരിസര പ്രദേശങ്ങളും മദ്യത്തിന്റെയും ലഹരി ഉല്‍പന്നങ്ങളുടെയും മഡ്ക്ക ചൂതാട്ടക്കാരുടെയും പിടിയില്‍. ഇതിനെതിരേ പൊലിസ് പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി. മാസങ്ങള്‍ക്ക് മുമ്പ് പൊലിസ് പരിശോധന കര്‍ശനമാക്കിയതോടെ ഉള്‍വലിഞ്ഞിരുന്ന മഡ്ക്ക ചൂതാട്ട സംഘം പൂര്‍വാധികം ശക്തിയോടെ ടൗണില്‍ വിലസുകയാണ്. ഇത്തരം സംഘങ്ങള്‍ ലക്ഷങ്ങളാണ് ദിനംപ്രതി സമ്പാദിക്കുന്നത്. പെട്ടിക്കടകളും ശീതള പാനിയ വില്‍പന, ബേക്കറി കടകളും കേന്ദ്രീകരിച്ചാണ് മഡ്ക്ക ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നത്. ചിലരാകട്ടെ പകല്‍ മുഴുവന്‍ ജോലി ചെയ്തു കിട്ടുന്ന പണം മുഴുവന്‍ മഡ്ക്കചൂതുകളി നടത്തിപ്പുസംഘത്തിനു കൊടുക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മഡ്ക്ക ചൂതാട്ടത്തില്‍പെട്ട് എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവംപോലുമുണ്ടായിരുന്നു. ബദിയഡുക്ക ടൗണില്‍ മാത്രം പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും പത്തോളം ചൂതാട്ട സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ബദിയഡുക്ക ടൗണിനുപുറമെ പെര്‍ള, നീര്‍ച്ചാല്‍, മാന്യ, സീതാംഗോളി, നെല്ലിക്കട്ട, കന്യപ്പാടി , മണിയംപാറ തുടങ്ങി സ്ഥലങ്ങളില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും മഡ്ക്ക ചൂതാട്ട സംഘത്തിലെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. ഒരുവശത്ത് മഡ്ക്ക ചൂതാട്ട സംഘം പിടി മുറുക്കുമ്പോള്‍ മറുവശത്ത് കര്‍ണാടകയില്‍നിന്നും മറ്റും ഗുണനിലവാരമില്ലാത്ത മദ്യം കൊണ്ടുവന്ന് വില്‍പന നടത്തുന്ന സംഘവും സജീവമാണ്.
ബദിയടുക്ക ടൗണ്‍ കൈയടക്കി പകല്‍സമയങ്ങളില്‍ പോലും പൊലിസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള സ്ഥലങ്ങളില്‍ മദ്യം വില്‍പനയും മഡ്ക്ക ചൂതാട്ടവും നടക്കുമ്പോള്‍ അത്തരം സംഘത്തിനെ തടയിടാന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി.
ചില സമയങ്ങളില്‍ മദ്യ വില്‍പനക്കാരും മദ്യപന്മാരും ടൗണില്‍ വാക്കേറ്റം നടത്തുന്നതും കൈയാങ്കളിയില്‍ ഏര്‍പ്പെടുന്നതും ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതമായി മാറുന്നു.
നേരത്തെ ബദിയഡുക്ക ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യശാല മുള്ളേരിയയിലേക്കു മാറ്റിയതോടെ കര്‍ണാടകയില്‍നിന്നു ഗുണനിലവാരമില്ലാത്ത മദ്യം കൊണ്ടുവന്ന് മൂന്നിരട്ടി വിലയ്ക്കു വില്‍പന നടത്തുന്ന പതിനഞ്ചോളം സംഘം ബദിയടുക്ക ടൗണില്‍ മാത്രം പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ ലാഭം കൊയ്യാമെന്നതുകൊണ്ടുതന്നെ ചില ഓട്ടോഡ്രൈവര്‍മാരും വില്‍പനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിദേശ മദ്യവില്‍പന ശാലയെവെല്ലുന്ന വിധത്തില്‍ ബദിയഡുക്ക ടൗണില്‍ മദ്യവില്‍പന നടക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. മഡ്ക്ക ചൂതാട്ടവും മദ്യത്തിനു പുറമെ കഞ്ചാവ് വില്‍പന സംഘവും ഇവിടെ സജീവമാണ്.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവരുടെ വില്‍പന രീതി. വൈകുന്നേരങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന സംഘമാണ് കഞ്ചാവ് ടൗണിലേക്ക് എത്തിക്കുന്നത്. വില്‍പനക്ക് ഏജന്റുമാര്‍ വേറെയും. ടൗണില്‍ വര്‍ധിച്ചുവരുന്ന ഇത്തരം സംഘങ്ങളെ തടയിടാന്‍ അധികൃതര്‍ തയാറാവണമെന്നാണ് വ്യാപാരികളുടെയും ടൗണിലെത്തുന്ന യാത്രക്കാരുടെയും തദ്ദേശവാസികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."