ശ്രീറാമിനെതിരേ വകുപ്പുതല നടപടി തുടങ്ങി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരേ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി.
15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് നോട്ടിസ് അയച്ചു. ക്രിമിനല്‍ നിയമവും മോട്ടോര്‍ വാഹന നിയമവും ലംഘിച്ച ശ്രീറാം പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് നിരക്കാത്തതാണെന്നും നോട്ടിസില്‍ പറയുന്നു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടിസിലുണ്ട്. വാഹനാപകട കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സര്‍വിസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗതയിലെത്തിയ കാറിടിച്ച് ബഷീര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലിസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."