കുമ്പളയില്‍ യുവാവിനെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
കുമ്പള: പെര്‍വാഡ് മാളിയങ്കരക്കു സമീപം യുവാവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞതായി സൂചന. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ യുവാവടക്കമുള്ള ഏഴോളം പേരാണു യുവാവിനെ കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. പ്രതികള്‍ പൊലിസിന് മുന്നിലോ കോടതിയിലോ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സംശയിക്കുന്ന പ്രതികളെല്ലാം ഇപ്പോള്‍ ഒളിവിലാണ്. പേരാലിലെ അബ്ദുല്‍സലാമി(27)നെയാണു കഴിഞ്ഞ 30ന് വൈകുന്നേരം അഞ്ചിന് പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലിസ് സംശയിക്കുന്നത്.
പ്രതികളെന്ന് കരുതുന്നവരുമായി കൊല്ലപ്പെട്ട അബ്ദുല്‍ സലാം നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും എന്നാല്‍ പരാതികളില്ലാത്തതിനാല്‍ ഇയാളെ വിട്ടയക്കുകയും ചെത്തിരുന്നു. ഇതിനു ശേഷമാണ് കൊലപാതകം നടന്നത്. നേരത്തെയുണ്ടായ വാക്കുതര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ വിളിപ്പിച്ചിടത്തു നിന്നാണ് അബ്ദുല്‍ സലാം കൊല്ലപ്പെടുന്നത്. അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ സംഘത്തില്‍ രണ്ടു കൊലക്കേസ് പ്രതികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.
കൊലപാതകം നടന്ന സ്ഥലത്തു നിന്നു രണ്ടു വടിവാളും ഒരു മഴുവും കണ്ടെത്തിയിട്ടുണ്ട്. മഴുവില്‍ രക്തക്കറയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതു ഫോറന്‍സിക് പരിശോധനക്ക് അയക്കും. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തത വരുകയുള്ളുവെന്ന് സി.ഐ വി.വി മനോജ് പറഞ്ഞു. സലാമിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം പേരാല്‍ മടിമുഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."