ആശുപത്രിവാസം ആവശ്യമില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി
എറണാകുളം: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്ന പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. പരാതിക്കാര്‍ക്ക് 44,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. എറണാകുളം അമ്പനാട് സ്വദേശി ബിനു വര്‍ഗീസും ജെമി ബിനുവും സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2017 ഓഗസ്റ്റിലാണ് പരാതിക്കാര്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫാമിലി ഒപ്ടിമ പോളിസി എടുത്തത്. ഈ പോളിസി പുതുക്കി തുടരുന്നതിനിടയില്‍ 2023 മേയില്‍ പരാതിക്കാരിക്ക് കടുത്ത പനിയും ചുമയും വയറുവേദനയും അനുഭവപ്പെടുകയും അഡ്മിറ്റ് ആകുകയും ചെയ്തു. ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം റീ ഇമ്പേഴ്‌സ്‌മെന്റിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായ പോളിസി ഉടമ പരിഹാരത്തിനായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി.
ഇന്‍ഷുറന്‍സ് പോളിസി ഇന്‍ഷുര്‍ ചെയ്ത വ്യക്തി ഉള്‍പ്പെടെയുള്ളവരുടെ ന്യായമായ പ്രതീക്ഷകള്‍ക്കു ഫലം നല്‍കുന്നന്നതിനു വേണ്ടിയാകണമെന്നും, നിബന്ധനകളില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് ഇന്‍ഷുറന്‍സ് ചെയ്ത വ്യക്തിക്ക് അനുകൂലമായി പരിഗണിക്കണമെന്നുമുള്ള സുപ്രിംകോടതി ഉത്തരവും ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് പരിഗണിച്ചു.
പോളിസി നിബന്ധനകള്‍ ഇടുങ്ങിയ രീതിയില്‍ പരിഗണിക്കാതെ വിശാല അര്‍ത്ഥത്തില്‍ ഉപഭോക്താവിന്റെ ആവലാതിയെ പരിഗണിക്കുന്ന തരത്തില്‍ വായിക്കണമെന്നും നഷ്ടപരിഹാരമായി 44,000 രൂപ 45 ദിവസത്തിനകം നല്‍കണമെന്നും എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."