വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് : കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും അന്വേഷിക്കണമെന്ന് നിർദേശം
തൊടുപുഴ: സംഘങ്ങളിൽ സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും വ്യാപകമാകുന്ന സാഹചര്യത്തിൽ സഹകരണ വിജിലൻസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹകരണ വകുപ്പ്. കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും സോഫ്റ്റ്‌വെയർ ക്രമക്കേടുകളും ഇനി സഹകരണ വിജിലൻസിന്റെ അന്വേഷണപരിധിയിൽപ്പെടുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു ഇന്നലെ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങളിൽ നിഷ്‌കർഷിക്കുന്നു.
ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സഹകരണ വിജിലൻസ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. ഓരോ ഡിവൈ.എസ്.പിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായി ആലപ്പുഴയിൽ ദക്ഷിണ മേഖല ഓഫിസും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്കായി തൃശൂരിൽ മധ്യമേഖലാ ഓഫിസും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കായി കണ്ണൂരിൽ ഉത്തരമേഖലാ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. രജിസ്ട്രാർ നിർദേശിക്കുന്ന പരാതികളിന്മേൽ മാത്രമാണ് വിജിലൻസ് ഓഫിസർ അന്വേഷണം നടത്തേണ്ടത്. മറ്റ് ഓഫിസുകളിൽ നിന്ന് നേരിട്ട് ഫയലുകൾ വിജിലൻസിന് നൽകാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
ഏതെങ്കിലും വ്യക്തി സംഘത്തിന് ഉണ്ടാക്കിയിട്ടുള്ള നാശനഷ്ടങ്ങളിന്മേലുള്ള നിയമനടപടികളിൽ നിന്ന് ഒഴിവാകുന്നതിന് രേഖകളോ റെക്കാർഡുകളോ നശിപ്പിക്കുന്നതിനോ തിരുത്തുന്നതിനോ ശ്രമിച്ചുവെന്ന് ഓഡിറ്റർക്ക് ബോധ്യപ്പെടുന്നപക്ഷം വിവരം അസി. ഡയരക്ടറെ അറിയിക്കണം. അസി. ഡയരക്ടർ എഫ്.ഐ.ആർ സഹിതമുള്ള വിശദമായ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ മുഖാന്തിരം സഹകരണ വിജിലൻസിന് കൈമാറണം. വിജിലൻസ് ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി 90 ദിവസത്തിനകം റിപ്പോർട്ട് സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."