കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു
ഡൽഹി: കേരള ഹൗസിൽ ഗവർണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കേരള ഹൗസ് സുരക്ഷാ വിഭാഗം റെസിഡൻഡ് കമ്മീഷണർക്കും റിപ്പോർട്ട് നൽകി. റസിഡൻസ് കമ്മീഷണർ പൂർണ്ണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുന്നതാണ്.
കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ വാഹനത്തിലാണ് ഡൽഹിയിലെ സംസ്ഥാനത്തിന്‍റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്‍റെ ബംപർ പൂർണ്ണമായി തകർന്നിരുന്നു. പിന്നീട് വാഹനത്തിന്‍റെ കേടുപാടുകൾ തീർത്ത് തിരികെ എത്തിക്കുകയാണ് ചെയ്തത്.
സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തുവെന്നാണ് റിപ്പോർട്ട്. വാഹനത്തിന്‍റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. വാഹനം കേരള സർക്കാരിന്‍റെ ആണെങ്കിലും സുരക്ഷ പ്രശ്നം ഉണ്ടായ സാഹചര്യത്തിൽ ഈക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമർപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."