ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു
ശ്രീനഗർ: ജമ്മു കശ്മിർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, നാല് മന്ത്രിമാർ എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നൗഷേര എം.എൽ.എ സുരീന്ദർ ചൗധരിയാണ് ഉപമുഖ്യമന്ത്രി.
ജാവേദ് റാണ, ജാവേദ് ദാർ, സകീന മസൂദ്(ഇട്ടു), സ്വതന്ത്ര അംഗം സതീഷ് ശർമ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുൽഗാമിൽനിന്നുള്ള സകീന ഇട്ടുവാണ് ഉമർ മന്ത്രിസഭയിലെ വനിതാ അംഗം. ശ്രീനഗറിലെ ഷേരെ കശ്മിർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് സത്യപ്രതിജ്ഞ നടന്നത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഇൻഡ്യാ മുന്നണി നേതാക്കളായ പ്രകാശ് കാരാട്ട്, അഖിലേഷ് യാദവ്, കനിമൊഴി, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ, ഡി.രാജ, സഞ്ജയ് സിങ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായി.
സഖ്യകക്ഷിയായ കോൺഗ്രസ് മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ചു. ഉമർ അബ്ദുല്ല സർക്കാരിനെ പാർട്ടി പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് ജമ്മു കശ്മിർ പി.സി.സി പ്രസിഡൻഡ് അറിയിച്ചു. ജമ്മു കശ്മിരിന് സംസ്ഥാന പദവി ലഭിക്കും വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് പി.സി.സി അധ്യക്ഷൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."