കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍
ഛണ്ഡികഢ്: സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളെ ഫലപ്രദമായി ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനാകാത്തതാണ് പരാജയത്തിന്റെ മുഖ്യകാരണം. ഭൂപീന്ദര്‍ സിങ് ഹൂഡയെ വിശ്വാസത്തിലെടുത്ത് 28 ശതമാനം വരുന്ന ജാട്ട് വിഭാഗത്തിനാണ് കോണ്‍ഗ്രസ് പരമാവധി പരിഗണന നല്‍കിയത്. എന്നാല്‍, 40 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗങ്ങളെയോ 21 ശതമാനം വരുന്ന ദലിതുകളെയോ കോണ്‍ഗ്രസ് ശ്രദ്ധിക്കാതെ പോയി.
പരമ്പരാഗതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്നോക്ക, ദലിത് വോട്ടുകള്‍ ഇക്കുറിയും ലഭിക്കുമെന്നും ജാട്ട് വിഭാഗത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും വോട്ടുകള്‍ പൂര്‍ണമായി ലഭിക്കുക കൂടി ചെയ്താല്‍ ഭരണമുറപ്പിക്കാം എന്നാണ് കോണ്‍ഗ്രസ് കരുതിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജാട്ടുകള്‍ക്കാണ് കൂടുതല്‍ പരിഗണന ലഭിച്ചത്. സംസ്ഥാനത്തെ ദലിത് വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുള്ള ഷെല്‍ജയുടെ അഭിപ്രായം ഹൂഡ ചെവിക്കൊണ്ടില്ല. 24 സീറ്റുകളില്‍ ദലിത് സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം അവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഹൂഡയുടെ കടുംപിടുത്തത്തിന് മുന്നില്‍ ഷെല്‍ജയ്ക്ക് വഴങ്ങേണ്ടി വന്നു.
കോണ്‍ഗ്രസ് ജാട്ട് സമുദായത്തിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പ്രചാരണം പിന്നോക്ക വിഭാഗങ്ങളിലും ദലിതരിലും എത്തിക്കാന്‍ ബി.ജെ.പിക്കായി. ദലിത്, പിന്നോക്ക മേഖലകളില്‍ പ്രധാനമന്ത്രി മോദിയുള്‍പ്പെടെ പ്രചാരണം നടത്തിയത് ബി.ജെ.പിയുടെ തന്ത്രമായിരുന്നു. മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നിയിലൂടെ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. അതേസമയം, യു.പി അതിര്‍ത്തി മേഖലകളിലെ ജാട്ട് വോട്ടുകള്‍ ബി.ജെ.പിയെ കൈവിട്ടതുമില്ല. ഫലത്തില്‍ ജാട്ടുകളുടെ വോട്ട് വിഭജിക്കപ്പെടുകയും പരമ്പരാഗതമായി ഒപ്പം നിന്ന ദലിത്, പിന്നോക്ക വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയും ചെയ്തതോടെ കോണ്‍ഗ്രസ് പരാജയം ഉറപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."