ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ്
ഹൈദരാബാദ്: ബിരുദദാന ചടങ്ങില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയ ധരിച്ചെത്തിയതിന് വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ഹൈദരാബാദ് ടിസ് (TI-SS). വിദ്യാര്‍ഥിക്ക് ബിരുദം നല്‍കാന്‍ പ്രോ വിസി പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസ്സമ്മതിക്കുകയായിരുന്നു. ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദധാരിയായ അബ്‌ലാസ് മുഹമ്മദിനാണ് പ്രോ വിസി പ്രൊഫസര്‍ ശങ്കര്‍ ദാസില്‍ നിന്ന് ദുരനുഭവമുണ്ടായത്. മക്തൂബ് മീഡിയയുടേതാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമായിരുന്നു ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ (ടിസ്) ബിരുദദാന ചടങ്ങ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കറുപ്പും വെളുപ്പും കലര്‍ന്ന ശിരോവസ്ത്രമായ കഫിയ ധരിച്ചാണ് അബ്‌ലാസ് ബിരുദദാന ചടങ്ങിലെത്തിയത്. സ്റ്റേജിലെത്തിയപ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസ്സമ്മതിച്ചു.
കഫിയ ധരിക്കുന്നത് ക്യാമ്പസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞതായി അബ്‌ലാസ് പറഞ്ഞു. ഇതുപറഞ്ഞാണ് ബിരുദം തടഞ്ഞുവെച്ചതെന്നും അബ്‌ലാസ് കൂട്ടിച്ചേര്‍ത്തു. ബിരുദദാന ചടങ്ങില്‍ അബ്‌ലാസിന്റെ പേര് വിളിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് പ്രൊഫസര്‍ ശങ്കര്‍ ദാസ് വിട്ട് നില്‍ക്കുന്നതും തുടര്‍ന്ന് വിദ്യാര്‍ഥി ബിരുദം സ്വീകരിക്കാതെ മടങ്ങുന്നതും പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കഫിയ ധരിച്ചതില്‍ മാപ്പെഴുതി നല്‍കിയതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിട്ടു നല്‍കിയത്.
കറുപ്പും വെളുപ്പും കലര്‍ന്ന ശിരോവസ്ത്രമായ കഫിയ, ഫലസ്തീന്‍ സ്വത്വത്തെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകങ്ങളിലൊന്നാണ്. ലോകമെമ്പാടും നടന്ന നൂറുകണക്കിന് ഗസ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ കഫിയ ധരിച്ചാണ് ആയിരങ്ങള്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."