അണയാതെ 'മഞ്ഞക്കുപ്പായ പ്രക്ഷോഭം'
പാരിസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായ അഞ്ചാം വാരത്തിലും പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാമ്പത്തിക നയത്തിലും ഇന്ധന തീരുവ വര്‍ധനയിലും പ്രതിഷേധിച്ചാണ് ആഴ്ചകള്‍ക്കു മുന്‍പ് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' എന്ന പേരില്‍ പ്രസിദ്ധമായ പുതിയ സമരപരിപാടികള്‍ക്കു തുടക്കമായത്.
സര്‍ക്കാര്‍ തീരുവ പിന്‍വലിച്ചിട്ടും പ്രക്ഷോഭത്തില്‍നിന്നു പിന്മാറാന്‍ സമരക്കാര്‍ തയാറായിട്ടില്ല. ഇന്നലെ വിവിധ ഫ്രഞ്ച് നഗരങ്ങളിലായി പതിനായിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്.
മുന്‍ ആഴ്ചകളിലെ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ രാജ്യത്തുടനീളം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. രാജ്യവ്യാപകമായി സമരക്കാരെ നേരിടാന്‍ വേണ്ടിമാത്രം ഇന്നലെ 69,000ത്തോളം പൊലിസുകാരെ വിന്യസിച്ചിരുന്നു. സ്ട്രാസ്ബര്‍ഗിലെ ക്രിസ്മസ് ചന്തയില്‍ നടന്ന വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സമരം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാതെയാണ് സമരക്കാര്‍ ഇന്നലെ തെരുവിലിറങ്ങിയത്. പാരിസില്‍ മാത്രം 3,000ത്തോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. രാജ്യവ്യാപകമായി 33,500ഓളം പേരും ഇന്നലെ പ്രക്ഷോഭത്തിന്റെ ഭാഗമായി.സമരം മുന്‍കൂട്ടിക്കണ്ട് ഇന്നലെ നഗരങ്ങളില്‍ മിക്ക കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. പാരിസില്‍ 114 പേരെ തടഞ്ഞുനിര്‍ത്തി പൊലിസ് ചോദ്യംചെയ്തു. ഇന്ധന തീരുവവര്‍ധന ഉന്നയിച്ചുതുടങ്ങിയ സമരം വിദ്യാഭ്യാസ പരിഷ്‌കരണം, പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ മറ്റു പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."