മരടിലെ ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിച്ചുമാറ്റണം: അവസാന താക്കീതുമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: നിയമം ലഘിച്ച് പണിത കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതി താക്കീത് നല്കി. സെപ്റ്റംബര്‍ 20നകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. മെയ് എട്ടിനാണ് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
തീരദേശ നിയമം ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ നല്കിയ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. ഹോളി ഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന് ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരെയാണ് നടപടി.
2006 ല്‍ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് പ്രദേശം മരട് മുനിസിപ്പാലിറ്റിയാവുകയായിരുന്നു. നിലവില്‍ ഫ്ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സി.ആര്.സോണ്‍ രണ്ടിലാണെന്നും ഇവിടത്തെ നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ ആവശ്യമില്ലായിരുന്നെന്നുമാണ് ഫ്ളാറ്റുടമകള്‍ ഉന്നയിക്കുന്ന വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."