കത്‌വ കൊല കേവലം കാമഭ്രാന്തല്ല: നൂര്‍ബീന
കോഴിക്കോട്: കശ്മിരിലെ കത്‌വയില്‍ ഒരു പിഞ്ചുബാലിക ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത് കേവലം കാമഭ്രാന്ത് മാത്രമല്ലെന്ന് വനിതാലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബീനാ റഷീദ് പ്രസ്താവിച്ചു.
ഒരുവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ഹീനകൃത്യത്തിന്റെ ഭാഗമാണ് ഈ അതിക്രമം. ഇതിനെതിരേ മനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങുകയും പ്രതികരിക്കുകയും വേണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഞെട്ടിപ്പിക്കുന്ന ലൈംഗിക കൊലപാതകത്തിനാണ് രാജ്യം വീണ്ടും സാക്ഷിയായിരിക്കുന്നത്.
നമ്മുടെ മകളാണ്, സഹോദരിയാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ അരങ്ങേറുന്ന ഇത്തരം പൈശാചികതകള്‍ക്കെതിരേ മതേതര ഭാരതം പ്രതികരിച്ചേ പറ്റൂ. അവിടെ ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ മാറ്റിവയ്ക്കണം. പൂജാരിയും പൊലിസും അഭിഭാഷകരുമൊക്കെ ഇതില്‍ പങ്കാളികളാണെന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്നും നൂര്‍ബീന റഷീദ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വനിതാലീഗ് പ്രതിഷേധ ജാഥകള്‍ നടത്തും. കോഴിക്കോട്ടെ പ്രതിഷേധ ജാഥ രാവിലെ 10 മണിക്ക് ലീഗ് ഹൗസില്‍നിന്ന് ആരംഭിക്കും. ഈ ക്രൂരമായ, മൃഗീയമായ കൊലപാതകത്തില്‍ പങ്കാളികളായവര്‍ക്ക് കൊലക്കയര്‍ വാങ്ങിക്കൊടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്ന ബോധ്യത്തോടെ മുഴുവന്‍ സഹോദരിമാരും പ്രതിഷേധ ജാഥകളില്‍ പങ്കാളികളാവണമെന്ന് വനിതാലീഗ് പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മ, ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബീനാ റഷീദ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."