ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
മലപ്പുറം: വിദൂര വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്‌സിറ്റി (ഇഗ്നോ) ന്യൂനപക്ഷ പാഠ്യവിഷയങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് ഗുരുതര ആരോപണം. 320-ലധികം യു.ജി, പി.ജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഇഗ്നോയിൽ മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങളുമായി ബന്ധപ്പെട്ട ഒരു പാഠ്യവിഷയം പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ക്രിസ്ത്യൻ സ്റ്റഡീസ് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുടെ ചരിത്രവും സംസ്കാരവും പഠനവിഷയമാക്കുന്ന കോഴ്‌സുകൾ രാജ്യത്തെ മറ്റ് പ്രമുഖ യൂനിവേഴ്‌സിറ്റികൾ വാഗ്ദാനം ചെയ്യുമ്പോൾ, ഇഗ്നോ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്താൻ തയാറാകുന്നില്ല. എന്നാൽ, ഭഗവദ് ഗീത, വേദപഠനം, ജ്യോതിഷം, ഹിന്ദു സ്റ്റഡീസ് തുടങ്ങിയ കോഴ്‌സുകൾ ഇഗ്നോ അവതരിപ്പിച്ചിട്ടുണ്ട്.
2021 ജനുവരിയിൽ ജ്യോതിഷവും 2022 ജൂലൈയിൽ വേദപഠനവും ബിരുദാനന്തര കോഴ്‌സുകളായി ആരംഭിച്ചു. 2023 ജനുവരിയിൽ ഹിന്ദു സ്റ്റഡീസും ജൂലൈയിൽ ഭഗവദ് ഗീത പഠനവും ദ്വിവർഷ കോഴ്‌സുകളായി ഉൾപ്പെടുത്തി. എന്നാൽ, ഇസ്‌ലാമിക് ഹിസ്റ്ററി ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുകയാണ്. പാഠ്യവിഷയങ്ങൾക്ക് പുറമെ, ഫീസ് നിർണയത്തിലും വിവേചനം പ്രകടമാണ്. സൈക്കോളജിക്ക് 9600 രൂപ, ജേർണലിസത്തിന് 14000 രൂപ, എം.കോമിന് 9700 രൂപ എന്നിങ്ങനെ വാർഷിക ഫീസ് ഈടാക്കുമ്പോൾ, വേദപഠനത്തിന് 6800 രൂപ, ഭഗവദ് ഗീത പഠനത്തിന് 6300 രൂപ, ജ്യോതിഷത്തിന് 6100 രൂപ, ഹിന്ദു സ്റ്റഡീസിന് 6000 രൂപ എന്നിങ്ങനെ കുറഞ്ഞ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.
എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രം ഉൾപ്പെടെയുള്ള ന്യൂനപക്ഷ ചരിത്രങ്ങൾ വെട്ടിമാറ്റുകയും ചരിത്ര സ്മാരകങ്ങളുടെ പേര് മാറ്റുകയും ചെയ്യുന്നതിനിടെ, ഇഗ്നോയുടെ ഈ നിലപാട് വിവാദമാകുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ ചരിത്രവും സംസ്കാരവും പഠനവിഷയങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിന്റെ ഭാഗമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
IGNOU faces criticism for offering courses in Jyotish and Vedic studies while excluding Islamic and Christian studies, raising concerns over the neglect of minority academic subjects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."