ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ
ന്യൂയോർക്ക്: അടുത്ത വർഷത്തോടെ റോബോ ടാക്‌സികൾ നിരത്തിലിറക്കുമെന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ് ല സി.ഇ.ഒ ഇലോൺ മസ്‌ക്. തുടക്കത്തിൽ ഈ ഡ്രൈവറില്ലാ ടാക്‌സികൾ കാലിഫോർണിയയിലും ടെക്‌സസിലുമാണ് ഓടുകയെന്നും അദ്ദേഹം അറിയിച്ചു. പണമൊടുക്കി ആളുകൾക്ക് സ്വയം യാത്രചെയ്യാവുന്ന തരത്തിലായിരിക്കും ടാക്‌സികൾ.
അതേസമയം അപകട സാധ്യതയുള്ളതിനാൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് അനുമതി ലഭിക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. 2019ൽ ടെസ് ല സ്വയം സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെർമിറ്റിന് അപേക്ഷിച്ചതായും എന്നാൽ ഒരു ഡ്രൈവറുണ്ടെങ്കിലേ അനുമതി നൽകാനാകൂവെന്നും കാലിഫോർണിയ മോട്ടോർ വാഹന വകുപ്പ് പറയുന്നു.
ഈ മാസം 10ന് റോബോ ടാക്‌സി പരിചയപ്പെടുത്തുന്ന ചടങ്ങിൽ മസ്‌ക് രണ്ട് സീറ്റും രണ്ട് വാതിലുമുള്ള സൈബർ കാബ് അവതരിപ്പിച്ചിരുന്നു. കാമറകളുടെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെയാണിത് റോഡിലൂടെ സഞ്ചരിക്കുക. ഒരുവർഷം 20 ലക്ഷം സൈബർ കാബുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."