ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം; തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍, തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം: പൊലിസ് റിപ്പോര്‍ട്ട് എതിരായതോടെ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം. തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചര്‍ച്ചയില്‍, അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്നലെ ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
ദിവ്യ എഡിഎമ്മിനെ ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൊവ്വാഴ്ചയാണ് വിധി പറയുക, അതുവരെ അറസ്റ്റ് നീളാനാണ് സാധ്യത. അതേസമയം ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചര്‍ച്ചയാകുന്നത് ക്ഷീണമാകുമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. ഇന്നോ നാളെയോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി സഹകരിക്കാനുള്ള നിര്‍ദേശം ദിവ്യക്ക് സിപിഎം നല്‍കി എന്നാണ് വിവരങ്ങള്‍.
'നവീൻ അഴിമതിക്കാരൻ': കോടതിയിലും ദിവ്യ
കണ്ണൂർ: എ.ഡി.എം പണം വാങ്ങിയെന്ന് പമ്പുടമ ടി.വി പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടിയെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ കോടതിയിൽ. നവീൻ ബാബുവിനെതിരേ രണ്ടു പരാതികൾ ലഭിച്ചിരുന്നുവെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ വാദിച്ചു. അഴിമതിക്കെതിരേയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്. അഴിമതിക്കെതിരേ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് ദിവ്യ പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എ.ഡി.എമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ എന്നും പ്രതിഭാഗം ചോദിച്ചു.
ഏറെ ഉത്തരവാദിത്വങ്ങളുള്ള പൊതുപ്രവർത്തകയാണ് ദിവ്യ. ആരോപണം ഉയർന്നപ്പോൾ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. കലക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചുവെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
ദിവ്യയുടെ വ്യക്തിഹത്യ മരണകാരണം: പ്രോസിക്യൂഷൻ
യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ റെക്കോഡ് ചെയ്തത് ആസൂത്രിതമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ വാദിച്ചു.
മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു. രണ്ടുദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പ്രാദേശിക ചാനൽപ്രവർത്തകനെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ അയച്ചത് പ്രസംഗം റെക്കോഡ് ചെയ്യാൻ വേണ്ടിയാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ചുവാങ്ങി. എ.ഡി.എമ്മിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. 14നു രാവിലെ നടന്ന ചടങ്ങിൽ കലക്ടറോട് എ.ഡി.എമ്മിനെതിരേ ദിവ്യ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കലക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവർക്ക് പരാതി നൽകാമായിരുന്നു. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് അവർ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിന്റെ അവസ്ഥ എന്താകും? ദിവ്യയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
ഭരണഘടനാ പരിരക്ഷയുള്ള എ.ഡി.എമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി: കുടുംബം
എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ റാഫ് കോടതിയിൽ വാദിച്ചു.
പെട്രോൾ പമ്പ് ബിനാമി ഇടപാടാണ്. ദിവ്യയുടെ സാമ്പത്തിക താൽപര്യം അന്വേഷിക്കണം. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനാ പരിരക്ഷയുള്ള എ.ഡി.എമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ എ.ഡി.എമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാപഞ്ചായത്ത് അധ്യക്ഷയ്ക്ക് അധികാരമില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല. ദിവ്യയുടേത് ആസൂത്രിത നടപടിയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
The CPM party has taken a strong stance against Divya, with discussions underway to determine the best course of action, including possible demotion. A decision is expected to be made soon, following a thorough review of the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."