അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്; ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്. ഇതിനുള്ള നീക്കം ഉന്നതങ്ങളില്‍ തുടങ്ങി. ഫോണ്‍ ചോര്‍ത്തലിലും ക്രൈംബ്രാഞ്ചിലെ രഹസ്യരേഖകള്‍ പുറത്തുവിട്ടതിലും അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹേബിന് നിര്‍ദേശം നല്‍കിയതായി സൂചന. കൂടാതെ അന്‍വറിനെതിരായ പരാതികള്‍ പരിശോധിക്കാനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്‍വറിന് ബന്ധമുണ്ടെങ്കില്‍ തെളിവുകള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്.
അന്‍വര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു, ഫോണ്‍ കോളുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സിനും നിര്‍ദേശമുണ്ട്. അന്‍വര്‍ കൂടിക്കാഴ്ച നടത്തിയവര്‍, സി.പി.എമ്മിന്റെ ഉന്നത നേതാക്കളായ ആരോടെങ്കിലും ചര്‍ച്ച നടത്തിയോ എന്നിവ ഇന്റലിജന്‍സിന്റെ അന്വേഷണത്തിന് വിധേയമാക്കാനാണ് നിര്‍ദേശം. അന്‍വറിനെതിരേ നേരത്തെ ഉയര്‍ന്ന പരാതികളും വിദേശയാത്ര സംബന്ധിച്ച വിവരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. അന്‍വറിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം തന്നെ പൊലിസ് ശേഖരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയാണ് അജിത്കുമാറിനും സുജിത്ദാസിനുമെതിരേ തെളിവുകള്‍ കണ്ടെത്തിയതെന്നാണ് അന്‍വര്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഫോണ്‍ ചോര്‍ത്തല്‍ ക്രിമിനല്‍ കുറ്റമായിരുന്നിട്ടും അന്ന് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ യുദ്ധപ്രഖ്യാപനത്തിന് ശേഷമാണ് നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. പൊലിസിന്റെയോ സര്‍വിസ് പ്രൊവൈഡറുടെയോ സഹായമില്ലാതെ ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഫോണ്‍ ചോര്‍ത്തല്‍ അന്‍വറിന് കുരുക്കായി മാറുകയാണ്. അന്‍വറിനെ പൊലിസ് സേനയിലുള്ളവര്‍ ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ കഴിയൂ. അതും അന്വേഷണപരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പച്ചക്കൊടി കിട്ടിയതോടെ ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്തുവിട്ടതിലും നടപടിക്കൊരുങ്ങുകയാണ് പൊലിസ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ടാണ് അന്‍വര്‍ ഫേസ്ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കിയ രഹസ്യരേഖ ചോര്‍ന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ മൗനമായിരുന്നു.
മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി അന്‍വറിന് ബന്ധമുണ്ടെന്നാണ് പൊലിസിലെ ഒരുവിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. ഇതിലും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ഡി.ജി.പി അജിത്കുമാറിന്റെ മൊഴിയെടുത്തപ്പോള്‍ ഡി.ജി.പി ഇക്കാര്യത്തില്‍ പരാതി എഴുതി വാങ്ങിയതായാണ് സൂചന. കൂടാതെ രഹസ്യരേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന പരാതി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശില്‍ നിന്നും വാങ്ങിയിട്ടുണ്ടത്രേ.
അന്‍വറിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എ.ഡി.ജി.പി അജിത്കുമാര്‍ ഡി.ജി.പിക്ക് മൊഴി നല്‍കിയിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡന ആരോപണമുന്നയിച്ചതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."