HOME
DETAILS

പാനൂസ് പ്രഭയില്‍ പൊന്നാനി

  
backup
June 14 2018 | 21:06 PM

paanus-prabhayil-ponnani

 

സമുദ്രസഞ്ചാരങ്ങളുടെയും കച്ചവടങ്ങളുടെയും കഥകളുള്ള പഴയ നഗരമായ പൊന്നാനിയില്‍ ലോകത്തെങ്ങുമില്ലാത്ത പെരുന്നാള്‍ ആചാരങ്ങളും ആഘോഷങ്ങളുമാണ്. ഒരര്‍ഥത്തില്‍ നോമ്പുകാലം തുടങ്ങിയാല്‍ പൊന്നാനിയിലെ വിശേഷാല്‍ ആചാരങ്ങളും തുടങ്ങുകയായി. പൊന്നാനിയിലെ പെരുന്നാള്‍ വിശേഷങ്ങള്‍ കൗതുകം നിറഞ്ഞ ഓര്‍മകളാണു പുതിയകാലത്തെ ആളുകള്‍ക്ക്.
ഇത്തിരിപ്പോന്നൊരു നാട്ടില്‍ നാല്‍പതിലധികം പള്ളികളും ശ്മശാനങ്ങളും അത്രതന്നെ കുളങ്ങളുമുണ്ടായിരുന്ന തുറമുഖപട്ടണമാണ് പൊന്നാനി. പഴയ പ്രതാപങ്ങളൊക്കെ പോയതോടൊപ്പം ആചാരങ്ങളും കുറെയൊക്കെ ഇല്ലാതായി. വടക്കേ ഇന്ത്യയില്‍നിന്നു സംഗീതജ്ഞരായ ഉസ്താദുമാരും ഖവാലി ഗായകരുമൊക്കെ വന്നു താമസിച്ചിരുന്നയിടം. നോമ്പുരാവുകളില്‍ അവരും അവരുടെ ഇതര മതസ്ഥര്‍ അടക്കമുള്ള ശിഷ്യരും ചേര്‍ന്നുള്ള 'കമ്മത്താക്കല്‍' (പാട്ടുകച്ചേരി) പ്രസിദ്ധമായിരുന്നു. പെരുന്നാള്‍ കഴിയുന്നതോടെയാണ് ഈ സംഗീത കച്ചേരിയും അവസാനിക്കുക.

പെരുന്നാള്‍പ്പിറയും കതീനവെടിയും


1751ല്‍ യമനിലെ ഹദര്‍മൗത്തില്‍നിന്നു വന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ ഹൈദ്രോസ് തങ്ങളുടെ താവഴിയില്‍പ്പെട്ട വമ്പനായിരുന്നു വലിയ ജാറത്തിങ്ങല്‍ ഖാന്‍സാഹിബ് ആറ്റക്കോയ തങ്ങള്‍. അന്ന് പെരുന്നാള്‍പ്പിറ ആധികാരികമായി ഉറപ്പിക്കുന്നതിന് ഒരു ലിഖിതനിയമമുണ്ടായിരുന്നു. പെരുന്നാള്‍പ്പിറ ആരു കണ്ടാലും കണ്ട വ്യക്തി വലിയ ജാറത്തില്‍വന്ന് അറിയിക്കണം. അയാള്‍ 'ഒളു'വെടുത്ത് (അംഗസ്‌നാനം) വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങള്‍ മുന്‍പാകെ സത്യം ബോധിപ്പിക്കുകയും വേണം. ഇങ്ങനെ വന്നു സത്യം ചെയ്യുന്നയാള്‍ക്ക് തങ്ങള്‍ ഒരു വെള്ളി ഉറുപ്പികയും ഒരു കോടിമുണ്ടും ഇനാം നല്‍കും. അതോടെ മാസപ്പിറവി കണ്ടതായി തങ്ങള്‍ വിളംബരം ചെയ്യും. പിറകെ പ്രദേശം കിടിലം കൊള്ളുമാറ് ഏഴ് കതീനവെടികള്‍ മുഴങ്ങും. അങ്ങനെ നാടെങ്ങും പെരുന്നാള്‍ ആഘോഷത്തിനു തുടക്കമാവും.
വലിയ ജാറത്തിലും അകം തറവാടുകളിലും ഇല്ലങ്ങളിലും നോമ്പുപോലെ വലിയ ആഘോഷമാണു പെരുന്നാളും. മാസം ഉറപ്പിക്കുന്ന കതീനവെടിയോടെ എല്ലാം അവസാനിക്കുന്നില്ല. റമദാനില്‍ നോമ്പുതുറ സമയം, അത്താഴസമയം, അത്താഴവിരാമം എല്ലാം അറിയിക്കുക വലിയ ജാറത്തിലെ ഭീമന്‍മണിയുടെ കിടിലന്‍ ഒച്ചയാണ്. പത്ത് റാത്തല്‍ തൂക്കം വരുന്ന പഞ്ചലോഹനിര്‍മിതമായ ഒരു ഭീമന്‍ മണി പള്ളിയുടെ ഇറയത്ത് കെട്ടിത്തൂക്കിയിരിക്കും. മഗ്‌രിബിന് മുക്രി ഒരു വമ്പന്‍ മരച്ചുറ്റികകൊണ്ട് ശക്തിയോടെ ആറുപ്രാവശ്യം അതില്‍ ആഞ്ഞടിക്കും.

പേരറിയാത്ത വിഭവങ്ങള്‍


വീടുകളില്‍ പെരുന്നാളിനു വിഭവസമൃദ്ധമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ താത്തമാരും 'പാര്‍ക്കുന്നോള്‍' എന്നു പറയുന്ന വേലക്കാരികളും വ്യാപൃതരാവും. നാടന്‍ മുട്ടപ്പത്തിരി എന്നുപറയുന്ന പലഹാരം 'ചെറിയ മക്ക'യിലെ ദേശീയ പലഹാരമാണ്. കോഴിമുട്ട ചേര്‍ത്തുണ്ടാക്കുന്നതാണ് ഒറിജിനല്‍ മുട്ടപ്പത്തിരി. പപ്പടം തലേനാള്‍ വെള്ളത്തിലിട്ടു വച്ച് കുഴമ്പുപാകത്തിലാക്കിയിട്ട് അരിമാവില്‍ ചേര്‍ത്തു പൊരിച്ചുണ്ടാക്കുന്നതു നാടന്‍ മുട്ടപ്പത്തിരിയും.
സമ്പന്നവീടുകളില്‍ പെരുന്നാള്‍ തലേന്നു കോഴിയട (കോഴിയിറച്ചിയുടേത്), മുട്ടപ്പത്തിരി, മസാലവട, നേന്ത്രപ്പഴം നിറച്ചുപൊരിച്ചത്, പാലാട, പാല്‍ ചേര്‍ത്ത തരിക്കഞ്ഞി, പാല്‍ച്ചായ, മാമ്പഴം, മുന്തിരി, ആപ്പിള്‍, ഉറുമ്മാമ്പഴം (മാതളം), പൂവന്‍പഴം എന്നിവയുമുണ്ടാകുമായിരുന്നത്രെ.

സംഗീതരാവുകള്‍


പെരുന്നാള്‍ ഉറപ്പിച്ചാല്‍ ചില കൂട്ടരുണ്ട്, മൗത്തപ്പാട്ട്, അറവനപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, കളരിപ്പയറ്റ് മുതലായ കലാകായിക വിദ്യകള്‍ അവതരിപ്പിക്കുന്നവര്‍. വേറെ ചിലര്‍ ഭാരതപ്പുഴയുടെ തീരത്ത് 'പാതാറ'(പുരാതന ഹാര്‍ബര്‍)യില്‍ ചെന്നിരുന്ന് പെരുന്നാച്ചോറിനു കറിവയ്ക്കാന്‍ ചൂണ്ടയും ചെറിയ വലയും കൊണ്ട് മീന്‍ പിടിക്കും. ഇവയിലൊന്നുംപെടാത്ത ചിലര്‍ മ്യൂസിക് ക്ലബുകളില്‍ അരങ്ങേറുന്ന 'കമ്മത്താക്കല്‍' (സംഗീതക്കച്ചേരി) ആസ്വദിക്കുന്നവരും തബല, ഹാര്‍മോണിയം, ബുള്‍ബുള്‍ തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ പഠിക്കുന്നവരും പാടുന്നവരുമായിരിക്കും.
ഉസ്താദുമാരായ ഊട്ടി നബി, അന്‍വര്‍ ഖാന്‍, ബോംബെ കമാല്‍, സേലം ബാബുജാന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഖാലിദ്ഖാന്‍ അങ്ങനെ നിരവധി മഹാസംഗീതജ്ഞരും ഗായകരും ഒത്തുചേരുന്ന, രാവേറെ ചെല്ലുന്ന പേര്‍ഷ്യന്‍, ഉറുദു ഗാനാലാപനങ്ങള്‍ ഒരുകാലത്ത് പൊന്നാനിയെ സംഗീതസാന്ദ്രമാക്കിയിരുന്നു. ഇവര്‍ക്കു നിരവധി ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. കാസര്‍കോട് അബൂബക്കര്‍, ബാപ്പനശ്ശേരി അബ്ദുല്ല, കോഴിക്കോട്ട് അബ്ദുല്‍ ഖാദര്‍ (കേരള സൈഗാള്‍), ബാബുരാജ്, മെഹബൂബ്, ബിച്ചാമുസ്താദ് (തബലിസ്റ്റ്), വിന്‍സെന്റ് മാസ്റ്റര്‍ തുടങ്ങിയ ആ ശിഷ്യപരമ്പരയുടെ റമദാന്‍-പെരുന്നാള്‍ രാവുകളിലുള്ള സംഗീതവിരുന്ന് പൊന്നാനിക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുണ്ട്.

പുതിയാപ്പിളമാരും അപ്പത്തരങ്ങളും


പൊന്നാനിയില്‍ ആണുങ്ങള്‍ കെട്ടിക്കൂടിയിരുന്നതുകൊണ്ട്, റമദാന്‍ മാസത്തില്‍ അവര്‍ ഭാര്യാവീടുകളില്‍ അന്തിയുറങ്ങാന്‍ പോയിരുന്നില്ല. പുരോഹിതര്‍ അതു വിലക്കിയിരുന്നു. എന്നാല്‍, അവരുടെ ഭാര്യമാര്‍ക്കുള്ള നിത്യച്ചെലവ് പുതിയാപ്പിളമാര്‍ ഭാര്യാവീടുകളില്‍ എത്തിക്കും. പെരുന്നാള്‍ പുതിയാപ്പിളമാര്‍ക്ക് ഇരട്ടി പെരുന്നാള്‍ സന്തോഷമാണ്. ഒരുക്കങ്ങളോട് ഒരുക്കങ്ങളാണു പിന്നെ ഭാര്യാവീട്ടില്‍. റമദാന്‍ മാസം കണ്ടാലുടനെ ഒരു ചാക്ക് അരി, അരച്ചാക്ക് നെയ്‌ച്ചോര്‍ അരി, നെയ്യ്, വെളിച്ചെണ്ണ, തേച്ചുകുളിക്കുള്ള എണ്ണ, സോപ്പ്, അലക്കുസോപ്പ്, തോര്‍ത്ത്, മുളക് തുടങ്ങിയ വ്യഞ്ജനങ്ങള്‍, നോമ്പുതുറയ്ക്കാവശ്യമായ കാരക്ക, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം, സേമിയ, റവ, മൈദ, പാല്‍ കട്ടിയാക്കുന്ന ചൈനഗ്രാസ്, അത്താഴത്തിന് സ്‌പെഷല്‍ ചമ്മന്തിക്കുള്ള 'മാസ് '(മത്സ്യം പുഴുങ്ങി ഉണക്കിയ മാംസക്കഷണങ്ങള്‍), ചകിരി, ചിരട്ട, നാളികേരം എന്നിവയൊക്കെ ചുമട്ടുകാര്‍വശം ഭാര്യാവീട്ടില്‍ എത്തിച്ചിട്ടുണ്ടായിരിക്കും. പെരുന്നാള്‍ക്കുള്ളതും ഇതുപോലെ എത്തിക്കും. ഭാര്യാവീട്ടുകാര്‍ നോമ്പുതുറയ്ക്കുള്ള അപ്പത്തരങ്ങള്‍ തിരികെ കൊടുത്തയയ്ക്കുകയും വേണം. 30 ദിവസം സന്ധ്യക്കുമുന്‍പ് ഭര്‍ത്തൃഗൃഹം എത്തിക്കണം. പൊന്നാനിയിലെ കാലവും ജീവജാലങ്ങളും പാതാറിലെ വേരുകള്‍ പടര്‍ന്നുകയറിയ പഴയ ഗുദാമിന്റെ ചുമരുകള്‍ പോലെയാണ്. ആധുനികതയ്ക്കും വേര്‍പ്പെടുത്താന്‍ കഴിയാത്തവണ്ണം ആഴ്ന്നിറങ്ങിയും പടര്‍ന്നിറങ്ങിയതുമാണ് ഇവിടുത്തെ പെരുന്നാളോര്‍മകള്‍.

പെരുന്നാള്‍ പാനൂസുകള്‍


പെരുന്നാള്‍രാവാണ് പൊന്നാനിക്കാരുടെ യഥാര്‍ഥ ആഘോഷം. അന്നു രാവെളുക്കുവോളം പാതയോരങ്ങളില്‍ കാണാം ഇവിടത്തുകാരെ. ഈ നാടിന്റെ ജീവിതവുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന മ്യൂസിക് ക്ലബുകള്‍, അത്തര്‍വില്‍പനശാലകള്‍, അറബി-മലയാള പുസ്തകശാലകള്‍, ജൗളിക്കടകള്‍... എല്ലാം തുറന്നുവച്ച് പെരുന്നാള്‍രാവ് ജെ.എം റോഡില്‍ ചെലവഴിക്കാത്ത പൊന്നാനിക്കാരുണ്ടാവില്ല, അന്നും ഇന്നും. വര്‍ഷങ്ങള്‍ക്കുമുന്‍പേ ഗ്രാമങ്ങളില്‍ പോലും കാണാതായ പെട്രോമാക്‌സ് പീടികവരെ ഇവിടെ ഇപ്പോഴും കാണാം. പൊന്നാനിയിലെ ചെറുതും വലുതുമായ ഓരോ വഴികളും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും ഒന്നിച്ച് ഒരിടത്തിലേക്ക് ഒഴുകിയെത്തുന്നിടമാണ് പെരുന്നാള്‍രാവിലെ ജെ.എം റോഡ്. നോമ്പുകാലം വിരുന്നെത്തുന്നതോടെ തന്നെ വിവിധതരം പാനൂസകള്‍ വീടുകളില്‍ നറുവെളിച്ചം വിതറാന്‍ തുടങ്ങും. പെരുന്നാളാഘോഷം മൊഞ്ചാകുന്നത് ഈ വര്‍ണവിളക്കുകളിലാണ്.


പിന്നെ കീടം കത്തിക്കല്‍, പടക്കം പൊട്ടിക്കല്‍ അങ്ങനെയങ്ങനെ. എണ്ണകളുടെ അവശിഷ്ടം അടിയില്‍ ഊറി കട്ടിപിടിച്ചതു തവിടില്‍ കുഴച്ച് രണ്ടിഞ്ചു നീളത്തില്‍ മെഴുകുതിരി പോലെയാക്കി കത്തിച്ചുവയ്ക്കുന്നതിനെയാണ് 'കീടം കത്തിക്കല്‍' എന്നുപറയുന്നത്. ഓടമുളകൊണ്ട് നിര്‍മിക്കുന്ന അലങ്കാരവിളക്കുകളാണ് പെരുന്നാളിന്റെ വിശേഷാല്‍ പാനൂസകള്‍. അളവനുസരിച്ചു കഷണങ്ങളാക്കി, ചെത്തിമിനുക്കിയ ശേഷം കൂടുകള്‍ ഉണ്ടാക്കുന്നു. എന്നിട്ട് അതിന്മേല്‍ വര്‍ണക്കടലാസുകള്‍ മുറിച്ച് ഒട്ടിച്ചു മോടിവരുത്തും. മൂലപ്പാനൂസ, പെട്ടിപ്പാനൂസ, കിണ്ണപ്പാനൂസ, ബായക്കാ പാനൂസ (വാഴക്കായ പോലെ), മത്തപ്പാനൂസ, കൊത്തുപാനൂസ തുടങ്ങി 12തരം പാനൂസകളുണ്ടാവും. അതില്‍ താജ്മഹല്‍ പാനൂസയാണ് അത്ഭുതകരവും അതിമനോഹരവും. ഈ പാനൂസുകള്‍ക്കകത്തു ചിത്രങ്ങള്‍ പതിച്ച വട്ടത്തിലുള്ള മറ്റൊരു കുട്ടിപ്പാനൂസ കറങ്ങിക്കൊണ്ടിരിക്കും. ഉള്ളില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചു വീടിന്റെ ഇറയത്ത് ഇവ കെട്ടിത്തൂക്കും. അങ്ങനെ നോമ്പുകാലം പോലെ പൊന്നാനിക്കാരുടെ പെരുന്നാള്‍രാവുകളും വിവിധ വര്‍ണങ്ങളാല്‍ പ്രകാശിച്ചുകൊണ്ടിരിക്കും.


മറ്റൊരു വിശേഷം മുളകൊണ്ടുള്ള മുത്താഴവെടിയാണ്. കുട്ടികളുടെ ഒരു വിനോദ വെടിക്കെട്ട്. ദിവസം നാഴി മണ്ണെണ്ണ വേണ്ടിവരും മുത്താഴവെടി പൊട്ടിക്കാന്‍. എല്ലാ വീടുകളിലും മുത്താഴവെടിയുണ്ടാകും. മുത്താഴവെടി പൊട്ടുമ്പോഴുള്ള കുട്ടികളുടെ ആരവം ആഹ്ലാദമാണ്. നോമ്പിനു തുടങ്ങുന്ന ഈ മുത്താഴവെടികളൊക്കെ കൂടുതല്‍ ആഘോഷമയമാവുക പെരുന്നാള്‍രാവിനാണ്. പെരുന്നാള്‍ അതിന്റെ ആഘോഷപ്പൊലിമയില്‍ തന്നെ അനുഭവിച്ചറിയണമെങ്കില്‍ പൊന്നാനിയില്‍ വരണം. അറബിക്കഥയിലെ ജിന്നിന്റെ കൊട്ടാരം പോലെയോ തെരുവുകള്‍ പോലെയോ ആണു നോമ്പ്-പെരുന്നാള്‍കാലങ്ങളില്‍ പൊന്നാനി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  2 days ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  2 days ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  2 days ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  2 days ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  2 days ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  2 days ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  2 days ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  2 days ago