റിസ നിര്‍മാണം: കരിപ്പൂരില്‍ 25 മുതല്‍ എട്ടുമണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 25 മുതല്‍ എട്ടുമണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. റിസ നിര്‍മാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ജൂണ്‍ 15 വരെ നിയന്ത്രണം തുടരും. ഇതിന്റെ ഭാഗമായി വിമാന ഷെഡ്യൂളില്‍ മാറ്റംവരുത്തും.
കഴിഞ്ഞ ജനുവരി 15 മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി ഏഴുവരെയും റണ്‍വേ അടച്ചിട്ട് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഈ മാസം 24 വരെ ഈ രീതി തുടരും. ഇന്‍ഡിഗോയുടെ ഷാര്‍ജ, ജെറ്റ് എയര്‍വെയ്സിന്റെ ബംഗളൂരു, മുംബൈ സര്‍വിസുകളും ഇതിനായി പുനഃക്രമീകരിച്ചിട്ടുണ്ട്. വേനല്‍ക്കാല സമയക്രമ പട്ടികയില്‍ ഉച്ചയ്ക്ക് 12നും രാത്രി എട്ടിനുമിടയില്‍ സര്‍വിസില്ല.
കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് രണ്ടുമാസമായി. റണ്‍വേയിലെ ലൈറ്റിങ് ക്രമീകരണങ്ങള്‍ പൂര്‍ണമായി മാറ്റുന്നുണ്ട്.
ആറുകോടി മുടക്കിയാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്. വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയാല്‍ പിടിച്ചുനിര്‍ത്തുന്ന പ്രദേശമാണ് റിസ. ചതുപ്പുനിലമായാണ് പ്രദേശം ഒരുക്കുക.
90 മീറ്ററുള്ള റിസ 150 മീറ്റര്‍കൂടി ഉള്‍പ്പെടുത്തി 240 മീറ്ററായാണ് വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."