
റിയാദ്: കടുത്ത തണുപ്പ് അനുഭവപ്പെടുന്ന സഊദിയിൽ അഞ്ചിടങ്ങളിൽ ഇന്ന് അനുഭവപ്പെട്ടത് മൈനസ് ഡിഗ്രി തണുപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. തുറൈഫിലാണ് രാജ്യത്തെ ഏറ്റവും ശക്തിയേറിയ തണുപ്പ് അനുഭവപ്പെട്ടത്. -3 ഡിഗ്രി തണുപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്. ഖുറയ്യാത് -2.4, റഫ്ഹ -0.2, അൽ ജൗഫ്, അറാർ എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രിയുമാണ് ശനിയാഴ്ച്ച രേഖപ്പെടുത്തിയത്. കൂടത്തെ, രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ശീതക്കാറ്റ് അനുഭവപ്പെടുന്നതിനാൽ അന്തരീക്ഷ താപ നില വളരെ കുറവാണ്.
താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അവസാനം ആരംഭിച്ച ശീതക്കാറ്റ് തുടരുന്നതാണ് തണുപ്പ് ശക്തിയാകാൻ കാരണം. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും പിന്നീട് മധ്യ, കിഴക്ക് പ്രദേശങ്ങളിലും ശീതക്കാട് അടിച്ചു വീശുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ശീതക്കാറ്റ് ഇന്നത്തോടെ കുറഞ്ഞു വരുമെന്നും നാളെ മുതൽ താപനില താരതമേന്യ സാധാരണ നിലയിലാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഡോ: ഖാലിദ് അൽ സാഖ് അഭിപ്രായപ്പെട്ടു. ഈയാഴ്ച്ച മിതമായ കാലാവസ്ഥയായിരിക്കും രാജ്യത്തുണ്ടാകുക. തുടർന്ന് തെക്കൻ ചുടുക്കാറ്റ് വീശി തുടങ്ങുന്നതോടെ താപനില സാധാരണ നിലയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.