
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയുള്ള രണ്ട് പഞ്ചാബി പാട്ടുകള്‍ ഒഴിവാക്കി യൂട്യൂബ്. പ്രതിരോധ കാവ്യത്തിനെ കൊല്ലാനുള്ള നടപടിയാണിതെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
‘ഫസ്ലാന് ദേ ഫൈസ്ലി കിസാന്‍ കരൂഗ’, ‘അസി വാഡാന്ഗെ’ എന്നിങ്ങനെ തുടങ്ങുന്ന രണ്ടു പാട്ടുകളാണ് യൂട്യൂബ് റിമൂവ് ചെയ്തത്.
എന്നാല്‍ ഒഴിവാക്കിയതിന്റെ കാരണമൊന്നും യൂട്യൂബ് വ്യക്തമാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗാനത്തിന്റെ നിര്‍മാതാവ് ഹര്‍ജീന്ദര്‍ ലാഡി കാലിഫോര്‍ണിയയിലെ യൂട്യൂബിന്റെ ആസ്ഥാനത്ത് വിളിച്ചന്വേഷിച്ചു. സര്‍ക്കാര്‍ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് റിമൂവ് ചെയ്തതെന്നാണ് ലഭിച്ച മറുപടിയെന്ന് ഹര്‍ജീന്ദര്‍ ലാഡി പറഞ്ഞു.
ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി എല്ലാ വിവരങ്ങളും 48 മണിക്കൂറിനുള്ളില്‍ മെയില്‍ ചെയ്യുമെന്ന് യൂട്യൂബില്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇപ്പോഴും ഞാന്‍ അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിമൂവ് ചെയ്യുന്ന സമയത്ത് 60 ലക്ഷം കാഴ്ചക്കാര്‍ വീഡിയോയ്ക്കുണ്ടായിരുന്നു.
എന്നാല്‍, സ്വതന്ത്രമായി പലരും ഇതിന്റെ കോപ്പി യൂട്യൂബില്‍ തന്നെ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും കര്‍ഷക സമരക്കാര്‍ പറഞ്ഞു.