ഉപകാരപ്രദമായ നിരവധി ഫീച്ചറുകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുള്ള ഗൂഗിള്‍ ഇപ്പോള്‍ തങ്ങളുടെ ക്രോം ബ്രൗസറിലേക്ക് ഒരു പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിക്കുകയാണ്. യൂട്യൂബിലെയും മറ്റ് ചില വെബ്‌സൈറ്റുകളിലെയും വീഡിയോകളില്‍ നിന്ന് എച്ച്ഡി ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലെക്ചര്‍ വീഡിയോകളില്‍ നിന്ന് കുറിപ്പുകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, മറ്റ് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, എന്തിനേറെ, സാധാരണ ഉപയോക്താക്കള്‍ക്ക് പോലും പല ഘട്ടങ്ങളിലും ഗൂഗിള്‍ ക്രോമിലെ ഈ പുതിയ ഫീച്ചര്‍ ഉപകാരപ്പെടും. നിലവില്‍ യൂട്യബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. ഓവര്‍ലേകളുള്ളതോ മറ്റ് ഘടകങ്ങളില്‍ ഉള്‍ച്ചേര്‍ത്തതോ ആയ വീഡിയോകളില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ചേക്കില്ല. നിലവില്‍ വീഡിയോകളില്‍നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിന് ഒട്ടേറെ പരിമിതികള്‍ നേരിട്ടിരുന്നു. ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടതോടെ ഇത് കൂടുതല്‍ എളുപ്പമുള്ളതായി മാറും. വീഡിയോയില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്താം എന്നത് മാത്രമല്ല, അത് മികച്ച രീതിയില്‍ തന്നെ പകര്‍ത്താം എന്നതും പുതിയ ഫീച്ചറിന്റെ പ്രത്യേകതയാണ്.
നിലവില്‍ വീഡിയോയില്‍ നിന്ന് ചിത്രങ്ങള്‍ കോപ്പി ചെയ്യാന്‍ മറ്റ് ആപ്ലിക്കേഷനുകളുടെയോ സോഫ്‌ട്വേറുകളുടെയോ ഒക്കെ സഹായം തേടേണ്ടിവരുന്നു. വീഡിയോയില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ട് എടുത്താണ് പലരും ചിത്രങ്ങളാക്കിയത്. ഇതിനായി കീബോര്‍ഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടനോ ഓപ്പെര പോലുള്ള ബ്രൗസറുകള്‍ നല്‍കുന്ന സ്‌നാപ്‌ഷോട്ട് പോലുള്ള ഓപ്ഷനുകളോ ആണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ പുതിയ ഫീച്ചര്‍ ക്രോമില്‍ എത്തിയതോടെ അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മികച്ച ക്ലാരിറ്റിയില്‍ ആവശ്യമുള്ള ഫ്രെയിമില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ ഇന്‍ബില്‍റ്റായി എത്തുന്നു. ഇത് ഉപയോഗിച്ച് എങ്ങനെയാണ് വീഡിയോയില്‍ നിന്ന് നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്ന് പരിചയപ്പെടാം. ക്രോമിലെ ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ വീഡിയോ താല്‍ക്കാലികമായി നിര്‍ത്തുകയും അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും വേണം. തുടര്‍ന്ന്, അവര്‍ക്ക് മെനുവില്‍ നിന്ന് ‘വീഡിയോ ഫ്രെയിം പകര്‍ത്തുക ( Copy Video Frame )’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇത് ഫ്രെയിമിനെ ക്ലിപ്പ്‌ബോര്‍ഡിലേക്ക് പകര്‍ത്തും.
ഇത് പിന്നീട് ഏതെങ്കിലും ഡോക്യുമെന്റിലേക്കോ ഇമേജ് എഡിറ്ററിലേക്കോ പേസ്റ്റ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ കോപ്പി ചെയ്ത് എടുക്കുന്ന ഫ്രെയിമിന് സ്‌ക്രീനിന്റെ റെസല്യൂഷനല്ല, നമ്മള്‍ പകര്‍ത്തുന്ന വീഡിയോയുടെ അതേ റെസല്യൂഷനായിരിക്കും ഉണ്ടായിരിക്കുക. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് യൂട്യൂബ് വീഡിയോകളില്‍ നിന്ന് 4ഗ ഫ്രെയിമുകള്‍ തന്നെ ലഭിക്കും. സാധാരണ പ്രിന്റ് സ്‌ക്രീന്‍ ഓപ്ഷനിലൂടെ ചിത്രം പകര്‍ത്തുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ റെസല്യൂഷനിലുള്ള ചിത്രമാണ് ലഭിക്കുക. എന്നാലിവിടെ നമ്മുടെ വീഡിയോ എത് റെസല്യൂഷനിലുള്ളതാണോ, അതേ റെസല്യൂഷനില്‍ ചിത്രം കിട്ടും. പുതിയ ക്രോം ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകതയും മികച്ച നിലവാരത്തില്‍ ചിത്രം പകര്‍ത്താം എന്നതാണ്.
Comments are closed for this post.