
ദുബായ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ ജിദ്ദയിലെ ശുദ്ധീകരണ ശാലക്ക് നേരെ യമനിലെ വിമതരായ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. റോയിട്ടേഴ്സ് ആണ് വാർത്ത പുറത്ത് വിട്ടത്. ചെങ്കടൽ നഗരമായ ജിദ്ദയിലെ സഊദി അരാംകോ ഓയിൽ കമ്പനി നടത്തുന്ന എണ്ണവിതരണ സ്റ്റേഷനിൽ മിസൈൽ ആക്രമണം നടത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, സഊദി അധികൃതർ ഇക്കാര്യത്തിൽ വിശദീകരണങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
ഇറാൻ സഹായത്തോടെ യമനിൽ പ്രവർത്തിക്കുന്ന വിമത വിഭാഗമായ ഹൂതി സൈനിക വക്താവ് യഹ്യ സരീയ മിസൈൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഖുദ്സ്-2 ഇനത്തിൽ പെട്ട മിസൈൻ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇദ്ദേഹം വ്യക്തമാക്കി. വടക്കൻ ജിദ്ദ സഊദി അരാംകോ ബൾക്ക് പ്ലാന്റ് എന്നതിന്റെ ദൃശ്യവും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം വളരെ കൃത്യമായിരുന്നുവെന്നും ആംബുലൻസുകളും ഫയർ എഞ്ചിനുകളും ഇവിടേക്ക് കുതിച്ചതായും ഇദ്ദേഹം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.