2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവം; പ്രതിക്ക് ഏഴു വർഷം തടവും പിഴയും

റിയാദ്: സഊദിയില്‍ പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവത്തിലെ പ്രതിക്ക് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) ആഴ്ചകൾക്ക് മുമ്പ് വെടിയേറ്റിരുന്നത്. ഈ കേസിലെ പ്രതിയായ സ്വദേശി പൗരനെയാണ് ക്രിമിനൽ കോടതി ഏഴു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോള്‍ പമ്പിൽ ആഗസ്റ്റ് 12ന് പുലര്‍ച്ച ആയിരുന്നു സംഭവം. പമ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മുഹമ്മദ്. വളരെ വേഗത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി ശിക്ഷ വിധിച്ചത്.


കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങാനായിരുന്നു പ്രതിയുടെ ശ്രമം. അത് ചെറുക്കാനായി അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യത്തിലും ഇത് വ്യക്തമായിരുന്നു. വെടിയേറ്റ് 15 മിനിറ്റോളം അവിടെ കിടന്ന ഇയാളെ സഹപ്രവർത്തകരാണ് ആശുപത്രിയിയിലേക്ക് മാറ്റിയത്. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു.


കുറ്റവാളി നിഷിദ്ധമായ പ്രവൃത്തി ചെയ്തുവെന്നും നിയമപരമായി കുറ്റം തെളിയിച്ചതോടെ അന്വേഷണങ്ങൾ അവസാനിച്ചുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കോടതിയിൽ പൊതു കേസ് ഫയൽ ചെയ്യുകയും ഏറ്റവും കഠിനമായ ശിക്ഷകൾ അദ്ദേഹത്തിന് ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിക്ക് 7 വർഷം തടവും പിഴയും വിധിച്ചുവെന്നും കുറ്റകൃത്യത്തിൽ ഉപയോഗിച്ച ആയുധം കണ്ടു കെട്ടുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.