
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജില്‍ അടിക്കടിയുണ്ടാകുന്ന ഫീസ് വര്‍ധനവ് കാരണം കോഴ്സ് ഉപേക്ഷിക്കുന്നത് നിരവധി വിദ്യാര്‍ഥികള്‍.
ഒന്നര ലക്ഷം രൂപയുണ്ടായിരുന്ന ഫീസാണ് അഞ്ചു വര്‍ഷത്തിനിടെ ഏഴുലക്ഷത്തോളമാക്കി ഉയര്‍ത്തിയത്. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് എം.ബി.ബി.എസ് കോഴ്സ് ഉപേക്ഷിച്ച് പാരാമെഡിക്കല്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത്.
പുതിയ അധ്യയന വര്‍ഷം ഫീസ് വീണ്ടും മൂന്നിരട്ടിയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ നിരവധി വിദ്യാര്‍ഥികളുടെ പഠനം ഇത്തവണയും അനിശ്ചിതത്വത്തിലാക്കും.
സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം വരെ വാര്‍ഷിക ഫീസ് അടച്ചാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരിക്കുന്നത്.
എന്നാല്‍ ഈ ഫീസ് അംഗീകരിക്കാനാവില്ലെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ നല്കിയ ഹരജി പ്രകാരം ഹൈക്കോടതി ഈ ഫീസ് ഘടന റദ്ദാക്കുകയായിരുന്നു. കൂടാതെ ഫീസ് പുനര്‍നിര്‍ണയിക്കാനായി സമിതിക്ക് വീണ്ടും അവസരം നല്‍കുകയും ഈ മാസം 25 നകം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഫീസ് വര്‍ധിപ്പിക്കണമെന്ന മനേജ്മെന്റുകളുടെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളുകയായിരുന്നു. 27 ന് ഹൈക്കോടതിയുടെ പുതിയ വിധി വരാനിരിക്കെ ആശങ്കയിലാണ് രക്ഷിതാക്കള്‍.
കൂടാതെ പുതിയ അധ്യയന വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കോടതിയിലെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ഫീസ് നല്‍കാമെന്ന് എഴുതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി അംഗീകരിച്ചിരുന്നു.
ഇതു പ്രകാരം നിലവില്‍ ഫീസടച്ച വിദ്യാര്‍ഥികള്‍ 27 ന് വരുന്ന കോടതി വിധി പ്രകാരം നിശ്ചയിക്കുന്ന ഫീസ് തന്നെ നല്‍കേണ്ടിവരും.
Comments are closed for this post.