ബുഡാപെസ്റ്റ്: ഐ.ടി വിദഗ്ധനായ ഹംഗേറിയക്കാരന്‍ വിക്ടര്‍ ഹോള്‍സറിന് ആദ്യത്തെ അനുഭമായിരുന്നു ഇത്. സന്നദ്ധപ്രവര്‍ത്തകനായി അദ്ദേഹം പങ്കെടുത്ത ആദ്യത്തെ പ്രധാന രക്ഷാദൗത്യം. നോക്കെത്താ ദൂരത്തോളം തകര്‍ന്നടിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കല്‍ച്ചീളുകളും കോണ്‍ഗ്രീറ്റ് പാളികളും കൂര്‍ത്ത നില്‍ക്കുന്ന കമ്പിക്കഷ്ണങ്ങളും വകഞ്ഞു മാറ്റി പ്രതീക്ഷയറ്റു കിടക്കുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റല്‍. ജീവന്റെ ഒരു ശേഷിപ്പെങ്കിലും ഈ കൂമ്പാരത്തില്‍ ബാക്കിയുണ്ടോ എന്ന് തേടിയുള്ള അലച്ചില്‍. ഇത്തരമൊരു അലച്ചിലില്‍ നാലു ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 17 വയസ്സുള്ള ആസ്യ എന്ന പെണ്‍കുട്ടിയെ രക്ഷിച്ച തന്റെ ആദ്യാനുഭവം പങ്കുവെക്കുയാണ് ഹോള്‍സര്‍.
കാരിത്താസ് ഹംഗറിയുടെയും ബുഡാപെസ്റ്റ് റെസ്‌ക്യൂ സര്‍വീസിന്റയും ഹംഗേറിയന്‍ ടീമിന്റെ ഭാഗമായിട്ടാണ് തുര്‍ക്കി പട്ടണമായ കഹ്‌റമന്‍മാരസില്‍ വിക്ടറെത്തിയത്. തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന് കീഴില്‍ കിടന്ന പെണ്‍കുട്ടിയെ രക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നുവെന്ന് 26കാരനായ വിക്ടര്‍ പറയുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ആരോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംഘം അകത്തു കയറിയപ്പോള്‍ ആരോ സഹായത്തിനായി നിലവിളിക്കുന്നത് വ്യക്തമായി കേട്ടു. ഇസ്‌റാഈലി രക്ഷാപ്രവര്‍ത്തകരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ആസ്യ എവിടെയാണെന്ന് കണ്ടെത്തി. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു ഇടുങ്ങിയ ചാനല്‍ കുഴിച്ചു. അതിലൂടെ അവളെ പുറത്തേക്കെടുത്തു. എട്ടുമണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആസ്യയെ പുറത്തെത്തിച്ചത്.
”അവളിലേക്കെത്താന്‍ ഓരോ ചുവടു വെക്കുമ്പോഴും ആശങ്കയായിരുന്നു. അവസാനം അവള്‍ കയ്യെത്തും ദൂരത്തെത്തിയെന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലായി. സന്തോഷമോ ആശങ്കയോ എന്നൊന്നും പറയാനാവാത്ത അവസ്ഥ. ഒടുവില്‍ അവളുടെ കൈ ഞങ്ങള്‍ കണ്ടു. പിന്നെയും 15 മിനിറ്റ് എടുത്താണ് അവളുടെ കൈകള്‍ തൊട്ടത്. ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന വല്ലാത്തൊരു സ്പര്‍ശനം’ വിക്ടര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കാനായി ചാനലിന്റെ ദ്വാരം ക്രമേണ വലുതാക്കേണ്ടി വന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരുട്ടില്‍ നാലു ദിവസമാണ് ആസ്യ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞത്.
ഭൂകമ്പം ഉണ്ടായ ദിവസം കുടുംബത്തോടൊപ്പം ടിവി കാണുകയായിരുന്നുവെന്ന് ആസ്യ പറഞ്ഞതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തണുപ്പുള്ള ദിവസമായതിനാല്‍ അവള്‍ ഒരു പുതപ്പില്‍ പൊതിഞ്ഞ് സോഫയില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു . ഇത് പിന്നീട് അവശിഷ്ടങ്ങള്‍ക്കടിയില്‍ തണുപ്പില്‍ നിന്ന് അവളെ സംരക്ഷിക്കാന്‍ സഹായിച്ചു. തുര്‍ക്കിയിലും സിറിയയിലുമായി ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തില്‍ 37,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Comments are closed for this post.