കീവ്: റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ നാറ്റോയോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഉക്രൈന്‍. കൂടുതല്‍ യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വേണമെന്നാണ് ആവശ്യം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ഈ ആവശ്യമുന്നയിച്ചത്.
ഉക്രൈന്റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നാറ്റോ ‘നോ ഫ്‌ളൈ സോണ്‍’ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം റഷ്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള പ്രകോപനമാകുമെന്ന് ചൂണ്ടിക്കാട്ടി നാറ്റോ നിരസിച്ചു. ‘നോ ഫ്‌ളൈ സോണ്‍’ പ്രഖ്യാപിച്ചാല്‍ ഉക്രൈനുമായി മാത്രമല്ല, നാറ്റോയുമായിതന്നെ തങ്ങള്‍ യുദ്ധത്തിന് തയാറാണെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
അതേ,മയം നോ ഫ്‌ളൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം അവഗണിച്ച നാറ്റോ കൂടുതല്‍ വലിയ ആക്രമണങ്ങള്‍ക്കുള്ള പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി കുറ്റപ്പെടുത്തി.
റഷ്യന്‍ അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ ഉക്രൈന്‍ നഗരങ്ങള്‍ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ്. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി. റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.
അതേസമയം, മരിയുപോളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റഷ്യ ആക്രമണം പുനരാരംഭിച്ചു.
Comments are closed for this post.