
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍ പാസാക്കി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.
പത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്റ് പുറത്താക്കപ്പെടുന്നത്. അമേരിക്കയുടെ 245 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.
ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.
100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര് കൂടി പിന്തുണക്കണം.
ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയാണ് എന്നാണ് വിചാരണ നടപടികള്‍ സെനറ്റിന് വിടുക എന്നതില്‍ തീരുമാനം എടുക്കുക.
ബൈഡന് അധികാരത്തില്‍ ഏറിയതിന് ശേഷം മാത്രമേ സെനറ്റില്‍ വിചാരണ നടക്കാന്‍ സാധ്യതയുള്ളൂ.
ജനുവരി 20 നാണ് ബൈഡന് യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
കാപിറ്റോള്‍ ഹാളില്‍ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
ഭരണഘടനയുടെ 25ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പില്‍ വെച്ചിരുന്നു. പെന്‍സ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടന്നത്.
ജനുവരി പതിനൊന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പ്രമേയത്തില്‍ പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചതായുള്ള നിരന്തര വാദവും ജനുവരി ആറിന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗവും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2019 ഡിസംബറിലാണ് ആദ്യതവണ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിയുണ്ടായത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്ക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.