2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്യൂബയെ വീണ്ടും കരിമ്പട്ടികയില്‍ ഉള്‍പെടുത്തി ട്രംപ്; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം

വാഷിങ്ടണ്‍: ക്യൂബയെ വീണ്ടും കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.

തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാണ് ആരോപണം. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.തീവ്രവാദത്തിന്റെ സ്‌പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.

1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് ഗ്രൂപ്പുകളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി.

എന്നാല്‍ 2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.