2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അസ്സലാമുഅലൈക്കും കാനഡയിലെ മുസ്‌ലിം സമൂഹമേ..ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയുണ്ട്’ : തന്റെ നാട്ടില്‍ ഭീകരരെ അനുവദിക്കില്ലെന്ന് ഉറപ്പു നല്‍കി ജസ്റ്റിന്‍ ട്രൂഡോ

   

ഇസ്‌ലാമോഫോബിയയും വംശീയതയും നിലനില്‍ക്കുന്നുണ്ടെന്നും ട്രൂഡോ

ഒട്ടാവ: അന്ന് ജസീന്ത. ഇന്ന് ട്രൂഡോ. ലോകം സാക്ഷ്യം വഹിക്കുന്ന ചില മനോഹര കാഴ്ചകളിലെ നായകര്‍. കഴിഞ്ഞ ദിവസം കാനഡയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ ശക്തമായ നിലപാടെടുത്തതിലൂടെ ലോകത്തിനു മുന്നില്‍ മാറ്റേറിയിരിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ എന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ. തങ്ങള്‍ കാനഡയിലെ മുസ്‌ലിം സമൂഹത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഭീകരാക്രമണമാണ് നടന്നതെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു.

”ഇത് വിദ്വേഷത്താലുള്ള ഭീകരാക്രമണമാണ്. ഈ രാജ്യത്ത് വംശീയതയും വിദ്വേഷവും ഇല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ഇത്രമാത്രം: ”അവരുടെ കണ്ണില്‍ നോക്കി എങ്ങനെയാണ് ഇസ്‌ലാമോഫോബിയ ഇല്ലെന്ന് എങ്ങിനെയാണ് പറയാനാകുക.

ഒരുപാട് കുടുംബങ്ങള്‍ ലോക്ഡൗണിന് ശേഷം ശുദ്ധവായു ശ്വസിക്കാനായി സായാഹ്ന നടത്തത്തിന് ഇറങ്ങുന്ന ദിവസമാണ്. പക്ഷേ മറ്റുള്ളവരെപ്പോലെയല്ല, ആ കുടുംബം പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. സല്‍മാന്‍,മദീഹ അവരുടെ മക്കള്‍ യുംനയും ഫയാസും പിന്നെ അവരുടെ വല്ലിമ്മയും മൂന്നു തലമുറയടങ്ങുന്ന ആ കുടുംബം. വീട്ടിലേക്ക് തിരിച്ചു വന്നില്ല. രാജ്യത്തെ മുസ്‌ലിംകള്‍ ഭീതിയിലാണ്” -ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു.

20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് വംശീയ ആക്രമണത്തിലെ പ്രതി. നാലുപേരെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.

‘ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ആക്രമണമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വിദ്വേഷത്താലാണ് ഇങ്ങനെ ചെയ്തത്. മുസ്‌ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു -ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്റാരിയോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ലണ്ടനില്‍ ഞായാറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കുടുംബം റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്. 74 ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരി പെണ്‍കുട്ടിയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.