അങ്കാറ: മധ്യ അന്റാക്യയിലെ പാര്‍ക്കില്‍ തീര്‍ത്ത ടെന്റിലാണ് അവര്‍ കഴിയുന്നത്. ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യത്തില്‍ ഭൂമി ഒന്ന കുലുങ്ങിയപ്പോള്‍ എല്ലാം നഷ്ടമായ പതിനായിരങ്ങളില്‍ ഒരുവള്‍. മോന അല്‍ ഉമര്‍ പറയുന്നു.
‘എന്റെ കാല്‍ക്കീഴില്‍ ഭൂമി പിളരുകയാണെന്നു കരുതി. ഏഴു വയസ്സുകാരനായ മകനെ കൈകളിലേന്തി ആര്‍ത്തു കരഞ്ഞു’ ഭീതിയും നിസ്സഹായതയും ഘനീഭവിച്ച നിലവിളി.
47000ത്തിലേറെ പേരുടെ ജീവന്‍ നഷ്ടമായ, ഒരു നാടിനെ ഒന്നാകെ കോണ്‍ഗ്രീറ്റ് പാളികളും കല്‍ച്ചീളുകളുമാക്കി മാറ്റിയ ഭൂചലനത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ഒരു കൈ ദൂരത്തിപോലുമല്ലാതെ പ്രിയപ്പെട്ടവര്‍ കല്‍ച്ചീളുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് പോകുന്നത് കണ്ടതിന്റെ നോവ് നെഞ്ചില്‍ അണഞ്ഞിട്ടില്ല. ആ മയ്യിത്തുകളുടെ തണുപ്പ് കൈകളില്‍ ഇനിയും ശേഷിപ്പായി ഉണ്ട്. അങ്ങിനെയൊരു സമയത്താണ് വീണ്ടും…
ആദ്യമുണ്ടായ ഭൂചലനത്തില്‍ മരിച്ചെന്നു കരുതുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തുകയായിരുന്നു 18കാരനായ അലി മസ്‌ലൂം. ഭൂമി കുലുങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെയായി അവന്‍.
‘കൂടെയുണ്ടായിരുന്നവരെ കടന്നു പിടിച്ചു. ഞങ്ങള്‍ക്കു മുന്നില്‍ കെട്ടിടങ്ങളുടെ ചുമരുകള്‍ തകര്‍ന്നു വീണു’ – അലി പറയുന്നു.
തിങ്കളാഴ്ചയാണ് തുര്‍ക്കിയെ വീണ്ടും നടുക്കത്തിലാഴ്ത്തി മറ്റൊരു ഭൂചലനമനുഭവപ്പെട്ടത്. ഇതില്‍ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 680 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണിട്ടുണ്ട്. ഇനിയുമേറെ പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. സിറിയന്‍ അതിര്‍ത്തിയിലാണ് കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.4ഉം 5.8ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തില്‍തന്നെ തകര്‍ന്ന നിലയിലാണെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അവശേഷിച്ച കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.
തുര്‍ക്കിയില്‍ ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് 47,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ആദ്യ ഭൂചലനത്തില്‍ തകര്‍ന്നിരുന്നു.
Comments are closed for this post.