2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇനി ആകാശത്തേക്കും വിനോദ യാത്ര പോകാം; സ്‌പേസ് എക്‌സ് പേടകത്തിന്റെ വിക്ഷേപണം വിജയകരം

അങ്ങുയരെ മേഘപാളികള്‍ കടന്ന് നക്ഷത്രങ്ങള്‍ തൊട്ട് അമ്പിളിയെ തഴുകി ഒരു യാത്ര പോകുന്നതാലോചിച്ചു നോക്കൂ. കേട്ടുമറന്ന മുത്തശ്ശിക്കഥകളിലേതു പോയൊരു യാത്ര. അതിനുമിതാ അവസരമൊരുങ്ങുന്നു. ബഹിരാകാശ വിനോദ സഞ്ചാരത്തിന് കൂടുതല്‍ കരുത്തു പകരാന്‍ സഹായിക്കുന്ന സ്‌പേസ് എക്‌സ് പേടകത്തിന്റെ വിക്ഷേപണം വിജയകരം.

ഇന്‍സ്പിരേഷന്‍ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാല്‍കണ്‍ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യാപ്‌സൂളിലേറി നാല് പേര്‍ ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞു.

അമേരിക്കാരായ യാത്രക്കാരില്‍ ആരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് യാത്രയുടെ പ്രത്യേകത. ശതകോടീശ്വരനായ ജറേദ് ഐസക്മാന്‍ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അര്‍ബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ്‌ലി ആര്‍സിനെക്‌സും 51കാരിയായ ജിയോ സയന്റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാര്‍.

അര്‍ബുദത്തെ തുടര്‍ന്ന് ഹെയ്‌ലിയുടെ കാലിലെ ഒരു എല്ല് നീക്കം ചെയ്ത് കൃത്രിമ എല്ല് ഘടിപ്പിച്ചിരുന്നു. കൃത്രിമ എല്ലുമായി ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ വനിതയാണ് ഹെയ്‌ലി. 2009ല്‍ ബഹിരാകാശ യാത്രക്കായി സിയാനെ നാസ തെരഞ്ഞെടുത്തിരുന്നു. ബഹിരാകാശ യാത്ര നടത്തുന്ന നാലാത്തെ ആഫ്രോഅമേരിക്കന്‍ വംശജയാണ് സിയാന്‍. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്‌റോസ്‌പേസ് ഡേറ്റാ എഞ്ചിനീയറുമായ 42കാരന്‍ ക്രിസ് സെംബ്രോസ്‌കിയാണ് നാലമത്തെ യാത്രക്കാരന്‍.

ആറു മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്. മൂന്നു ദിവസം ബഹിരാകാശത്ത് ചെലവഴിക്കുന്ന പേടകം യാത്രക്ക് ശേഷം ഫ്‌ളോറിഡക്ക് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.

സ്‌പേസ് എക്‌സ്
ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. വര്‍ഷങ്ങളായി മനുഷ്യന്റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് കമ്പനി. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാര്‍ഗോയും വഹിച്ചു പോകാനുള്ള ഭീമന്‍ റോക്കറ്റിന്റെ നിര്‍മാണത്തിലാണ്. സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ സെപ്തംബര്‍ 16ലെ പരീക്ഷണ പറക്കല്‍ ഭാഗികമായി വിജയിച്ചിരുന്നു.

സ്‌പേസ്എക്‌സ് കമ്പനി തന്നെയാണ് യാത്രികര്‍ക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗണ്‍ ക്യാപ്‌സൂള്‍ നിര്‍മിച്ചത്. സ്‌പേസ് എക്‌സിന്റെ വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്യാപ്‌സൂള്‍ ഉറപ്പിച്ചാണു യാത്ര. ഫാല്‍ക്കണ്‍ 9ന്റെ നാലാമത്തെ സ്‌പേസ് ദൗത്യമാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.