2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചരിത്രം കുറിച്ച മൂന്നു നാളത്തെ ആകാശസഞ്ചാരത്തിനു ശേഷം സുരക്ഷിതരായി അവര്‍ ഭൂമിയെ തൊട്ടു

മൂന്നു നാള്‍ നീണ്ട ഒരു ആകാശക്കറക്കം. പിന്നെ പതിയെ ഭൂമിയിലേക്ക്. അങ്ങിനെ ചരിത്രം കുറിച്ച് അവര്‍ ഭൂമിയെ തൊട്ടു. ആ നാലുപേര്‍. ബഹിരാകാശ മേഖലയില്‍ ചരിത്രം കുറിച്ച മറ്റൊരു വന്‍ നേട്ടം കൂടി. സ്വകാര്യ ബഹിരാകാശ ദൗത്യവുമായി മുന്നോട്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഏറ്റവും പുതിയ ദൗത്യങ്ങളിലൊന്നായിരുന്നു ഇത്. നാലുപേരേയും വഹിച്ചുള്ള ബഹിരാകാശ യാത്ര. ബഹിരാകാശ വിനോദ സഞ്ചാരത്തിലേക്കുള്ള ഒരു കാല്‍വയ്പു കൂടിയായിരുന്നു ഇത്.

സിയാന്‍ പ്രോക്റ്റര്‍ (51), ഹെയ്‌ലി അര്‍സിനോ (29), ക്രിസ് സെംബ്രോസ്‌കി (42) എന്നിവരായിരുന്നു സാധരാണക്കാരായ യാത്രക്കാര്‍. കുട്ടിക്കാലത്ത് ബാധിച്ച കാന്‍സറിനെ അതിജീവിച്ച, സെന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹെയ്‌ലി ആയിരുന്നു യാത്രക്കാരില്‍ പ്രായം കുറഞ്ഞയാള്‍. അതേസമയം, മറ്റു രണ്ടുപേരായ സിയാല്‍ പ്രാക്റ്റര്‍, ക്രിസ് സെംബ്രോസ്‌കി എന്നിവരെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.

പേസ്എക്‌സിന്റെ പേടകത്തിലാണ് ഇവര്‍ നാലു പേരും തിരിച്ചെത്തിയത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 7.06 നായിരുന്നു ലാന്‍ഡിങ്. നാലു പേരെയും വഹിച്ചുള്ള സ്‌പേസ്എക്‌സ് പേടകം പാരച്യൂട്ടിന്റെ സഹായത്തോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഇറങ്ങിയത്.

നാലു പാരച്യൂട്ടുകളിലായാണ് സ്‌പേസ്എക്‌സ് ഡ്രാഗണ്‍ താഴോട്ടിറങ്ങിയത്. സമുദ്രത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ഭാഗത്താണ് പേടകം ഇറങ്ങിയത്. ഇറങ്ങിയ ഉടനെ ബോട്ടുകള്‍ കുതിച്ചെത്തി സഞ്ചാരികളെ പുറത്തെത്തിച്ച് കെന്നഡി സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോയി. ബഹിരാകാശ വിദഗ്ധരുടെ സഹായമില്ലാതെയാണ് നാലു പേരും മൂന്നു ദിവസം ഭൂമിക്ക് ചുറ്റും കറങ്ങിയത്.

ബഹിരാകാശ നിലയത്തിനേക്കാള്‍ ഉയരത്തിലായിരുന്നു പേടകം സഞ്ചരിച്ചിരുന്നത്. ഭൂമിയില്‍ നിന്നും 575 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ബഹിരാകാശ സഞ്ചാരം. ദിവസവും 15 തവണയാണ് ഇവര്‍ ഭൂമിയെ വലംവച്ചിരുന്നത്. അതായത് ബഹിരാകാശ നിലയത്തിനേക്കാള്‍ വേഗത്തിലായിരുന്നു സ്‌പേസ്എക്‌സ് പേടകത്തിന്റെ സഞ്ചാരം. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണില്‍ സെപ്റ്റംബര്‍ 15നാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. ഇന്‍സ്പിരേഷന്‍ 4 എന്നത് സ്‌പേസ് എക്‌സ് സാധാരണക്കാര്‍ക്കായി നടത്തുന്ന ആദ്യ ദൗത്യം കൂടിയാണിത്.

ഇന്റഗ്രേറ്റഡ് പേയ്‌മെന്റ് പ്രോസസിങ് കമ്പനിയായ ഷിഫ്റ്റ്4 പേയ്‌മെന്റ്‌സിന്റെ സിഇഒ ഐസക്മാന്‍ (37) ആണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒന്നാമത്തെ വ്യക്തി. സെന്റ് ജൂണ്‍സ് ചില്‍ഡ്രണ്‍ റിസര്‍ച് ആശുപത്രിക്ക് പിന്തുണ തേടിയായിരുന്നു ഇന്‍സ്പിരേഷന്‍ 4ന്റെ പറക്കല്‍. തനിക്കൊപ്പം മറ്റു മൂന്നുപേരുടെ ചെലവും ഐസക്മാന്‍ തന്നെയാണ് ഏറ്റെടുത്തത്. എല്ലാവര്‍ക്കും ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം ആറു മാസം മുന്‍പ് തന്നെ സ്‌പേസ് എക്‌സ് നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.