മോസ്‌കോ: റഷ്യന്‍യുദ്ധക്കപ്പല്‍ തകര്‍ത്തതായി ഉക്രൈന്‍. എന്നാല്‍ കപ്പല്‍ ഉക്രൈന്‍ തകര്‍ത്തതല്ലെന്നും മുങ്ങിയതാണെന്നും വിശദീകരിച്ച് റഷ്യ.
കരിങ്കടലില്‍ വിന്യസിച്ചിരുന്ന പ്രധാന യുദ്ധക്കപ്പലായ മോസ്‌ക്വ മിസൈലാക്രമണം നടത്തി കപ്പല്‍ തകര്‍ത്തെന്നായിരുന്നു ഉക്രൈന്റെ അവകാശവാദം. നെപ്റ്റിയൂണ്‍ മിസൈലുപയോഗിച്ച് കപ്പല്‍ ആക്രമിച്ചു തകര്‍ത്തെന്നാണ് ഉക്രൈന്‍ പറയുന്നത്. എന്നാല്‍ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതിനെതുടര്‍ന്ന് തുറമുഖത്തേക്ക് തിരികെ കൊണ്ട് പോകുന്നതിനിടെ കപ്പല്‍ മുങ്ങുകയായിരുന്നു എന്നാണ് റഷ്യയുടെ വാദം.
കപ്പല്‍ മുങ്ങിയത് റഷ്യക്ക് കനത്ത തിരിച്ചടിയാണെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.
കരിങ്കടലില്‍ തമ്പടിച്ചിരുന്ന റഷ്യന്‍ സൈനിക വ്യൂഹത്തിലെ ഏറ്റവും തന്ത്രപ്രധാനമായ യുദ്ധക്കപ്പലായിരുന്നു മോസ്‌ക്വ. മുമ്പ് കരിങ്കടലില്‍ ഉക്രൈന്റെ അധീനതയിലുണ്ടായിരുന്ന സ്‌നേക്ക് ഐലന്‍ഡിന് നേരെ ആക്രമണം നടത്തിയത് മോസ്‌ക്വ ആയിരുന്നു. സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട മോസ്‌ക്വയ്‌ക്കേറ്റ നാശനഷ്ടം റഷ്യന്‍ നേവിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
അതിനിടെ കൂടുതല്‍ ആയുധങ്ങള്‍ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് വ്‌ലാദിമിര്‍ സെലന്‍സ്‌കി അമേരിക്കയോടടക്കം ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും സെലന്‍സ്‌ക് സംസാരിച്ചു.
റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ മറ്റുള്ളവരുടെ ചോരയില്‍ നിന്നും പണം സമ്പാദിക്കുകയാണെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തിന്റെ സാമ്പത്തികഭദ്രത മാത്രമാണ് പലരും ലക്ഷ്യമിടുന്നതെന്നും ഇക്കൂട്ടര്‍ മറ്റുള്ളവരുടെ ചോരയില്‍ നിന്നാണ് പണം സമ്പാദിക്കുന്നതെന്നും സെലന്‍സ്‌ക്കി പറഞ്ഞു.
കീവിലേക്ക് പോകാന്‍ പദ്ധതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചെങ്കിലും വൈറ്റ് ഹൗസ് പിന്നീട് തിരുത്തി. എങ്കിലും വരും ദിവസങ്ങളില്‍ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കന്‍ കീവിലെത്തുമെന്നാണ് സൂചനകള്‍.
Comments are closed for this post.