2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്താംബൂളിലെ പ്രശസ്തമായ ഹാഗിയ സോഫിയയില്‍ വീണ്ടും ബാങ്കൊലി മുഴങ്ങി; പള്ളിയാക്കി മാറ്റിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍

 

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും പള്ളിയാക്കി മാറ്റി. തുര്‍ക്കിയുടെ പരമോന്നത കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പള്ളിയാക്കി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. പിന്നാലെ ബാങ്ക് വിളിയും നിസ്‌കാരവും നടന്നു.

1500 വര്‍ഷത്തോളം പഴക്കമുള്ള പുരാതന കെട്ടിടമായ ഹാഗിയ സോഫിയ 1934 ല്‍ മുസ്തഫ കമാല്‍ അതാതുര്‍ക്ക് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ഹാഗിയ സോഫിയ പള്ളിയാണെന്ന പുതിയ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

   

യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള ഹാഗിയ സോഫിയ ലോക സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാണ്. ക്രിസ്ത്യന്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിനു കീഴില്‍ ആറാം നൂറ്റാണ്ടില്‍ കത്തീഡ്രലായി നിര്‍മിച്ച കെട്ടിടമാണ് ഹാഗിയ സോഫിയ. ഇത് 1453 ല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ ഇസ്താംബൂള്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍) പിടിച്ചടക്കിയപ്പോള്‍ അദ്ദേഹം വില കൊടുത്ത് സ്വന്തമാക്കി. ആദ്യ ഘട്ടത്തില്‍ ഇരുവിഭാഗങ്ങളും ആരാധിച്ചിരുന്ന ഹാഗിയ സോഫിയയെ, 1600 ല്‍ ഓര്‍ത്തഡോക്‌സുകാര്‍ പുതിയ സമീപത്തായി പുതിയ പള്ളി പണിതപ്പോള്‍ പൂര്‍ണമായി മസ്ജിദാക്കി മാറ്റുകയായിരുന്നു.

അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ഹാഗിയ സോഫിയയില്‍ നിസ്‌കരിക്കുകയും ചെയ്തു. തുര്‍ക്കിയുടെ ഖിലാഫത്ത് രാഷ്ട്രീയം മാറി റിപ്പബ്ലിക്കായപ്പോള്‍ ഇവിടെ നിസ്‌കാരം നിരോധിക്കുകയും മ്യൂസിയമാക്കി മാറ്റുകയുമായിരുന്നു. എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം തുര്‍ക്കിയില്‍ വീണ്ടും അധികാര രാഷ്ട്രീയം മാറിയതിന്റെ സൂചന കൂടിയാണ് ഹാഗിയ സോഫിയയില്‍ പ്രതിധ്വനിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.