2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഭയാര്‍ത്ഥിക്കുഞ്ഞുങ്ങള്‍ക്കായി ‘കുഞ്ഞു അമല്‍’ നടന്നു തുര്‍ക്കി മുതല്‍ യൂറോപ്പ് വരെ; കാടും മേടും കടലുമായി താണ്ടിയത് 8000 കിലോമീറ്റര്‍

ലോകത്തെ ലക്ഷക്കണക്കായ അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളുടെ പ്രതീകമായിരുന്നു അവള്‍. ‘ലിറ്റില്‍ അമല്‍’. ബ്രൗണ്‍ നിറത്തില്‍ അലസമായി കിടക്കുന്ന തലമുടിയും ഉണ്ടക്കണ്ണുകളുമുള്ള ചുവന്ന ബോര്‍ഡറുള്ള കുപ്പായമണിഞ്ഞ സുന്ദരിക്കുട്ടി. ലോകമെങ്ങുമുള്ള അഭയാര്‍ത്ഥിക്കുഞ്ഞുങ്ങള്‍ക്കായി അവള്‍ നടന്നു തീര്‍ത്തത് 8000 കിലോമീറ്ററാണ്.

ഇനി ആരാണീ അമല്‍ എന്നല്ലേ..ഒരുപാവക്കുട്ടിയാണ് അമല്‍. 3.5 മീറ്റര്‍ ഉയരമാണ് അമലിന്. ഹാന്‍ഡ്‌സ്പ്രിംഗ് പപ്പറ്റ് കമ്പനി നിര്‍മ്മിച്ച ‘ലിറ്റില്‍ അമല്‍’ , ‘ദ വാക്ക്’ (the walk) എന്ന അന്താരാഷ്ട്ര കലാപരിപാടിയുടെ ഭാഗമായാണ് ലണ്ടനിലെത്തിയത്. സ്വന്തം സുരക്ഷയ്ക്കായി ജനച്ച നാടും വീടും കുടുംബത്തേയും ഉപേക്ഷിച്ച് അന്യരാജ്യത്തേക്ക് കുടിയേറേണ്ടിവരുന്ന കുട്ടികളുടെ പ്രതിനിധിയാണ് ലിറ്റില്‍ അമല്‍ എന്ന് ഹാന്‍ഡ്‌സ്പ്രിംഗ് പപ്പറ്റ് കമ്പനി പറയുന്നു. ആ കുരുന്നുകളുടെ പ്രതീക്ഷയാണ് ‘അമല്‍’. പ്രതീക്ഷ എന്നാണ് അമല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. തുര്‍ക്കി – സിറിയന്‍ അതിര്‍ത്തിയില്‍ നിന്നാണ് അമല്‍ തന്റെ ദീര്‍ഘദൂര നടത്തം ആരംഭിച്ചത്.

 

ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നായിരുന്നു അമലിന്റെ യാത്ര. എട്ട് രാജ്യങ്ങളാണ് പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടുന്ന ഭയാര്‍ത്ഥികളുടെ യാത്രാപഥം. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കും, ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്കുമുള്ള യാത്രയ്ക്കിടെ അമല്‍ കുറച്ചേറെ ദൂരം കടല്‍ വഴിയുള്ള യാത്രയും നടത്തി. ഈ കടല്‍ യാത്രയും അഭയാര്‍ത്ഥികളുടെ യാത്രാപഥത്തിലുള്ളവയാണ്.

സുരക്ഷിതമായൊരു ജീവിതം തേടിയുള്ള യാത്രയില്‍ അഭയാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയന്ന് ദൗത്യമാണ് ലിറ്റില്‍ അമലിന്റേത്. ‘ഞങ്ങളെക്കുറിച്ച് മറക്കരുത്’ എന്നതാണ് അമലിന്റെ യാത്രയിലുടെ നീളമുള്ള സന്ദേശം.

തന്റെ അമ്മയെ തേടി അലയുന്ന ഒരു ഒമ്പതുവയസ്സുകാരിയാണ് അമല്‍. അവള്‍ക്കതിന് ഒരുപാട് താങ്ങും സഹായവും ആവശ്യമാണ്. ഇത്തരം കാര്യങ്ങളാണ് ഈ യാത്ര വഴി ഞങ്ങള്‍ കാണിക്കാനുദ്ദേശിച്ചത്. ‘ ദി വാക്കിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ അമീര്‍ നിസാര്‍ സുവാബി പറയുന്നു

 

അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും പുതപ്പും ആവശ്യമാണ്, അതോടൊപ്പം അവര്‍ക്ക് അന്തസ്സും ശബ്ദവും ആവശ്യമാണ്. അഭയാര്‍ത്ഥിയുടെ അപകടകരമായ സാഹചര്യങ്ങള്‍ മാത്രമല്ല, അവരുടെ കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ദി വാക്കിന്റെ ലക്ഷ്യം. ചെറിയ അമലിന് 3.5 മീറ്റര്‍ ഉയരമുണ്ട്, കാരണം ലോകം അവളെ അഭിവാദ്യം ചെയ്യുന്നത്ര വലുതായി വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വലുതായി ചിന്തിക്കാനും വലുതായി പ്രവര്‍ത്തിക്കാനും അവള്‍ ഞങ്ങളെ പ്രചോദിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുവാബി കൂട്ടിച്ചേര്‍ത്തു.

ജീവനും കൊണ്ടുള്ള ഒട്ടത്തിനിടെ അച്ഛനെയും അമ്മയേയും വേര്‍പെട്ട്, ഒറ്റയ്ക്കായി പോകുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ സിറിയില്‍ നിന്ന് യൂറോപിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടിയുടെ പാവയുടെ പേരാണ് അമല്‍. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ , സിറിയിലെ അലപ്പോയില്‍ നിന്നുള്ള ആ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടിക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പാവയുടെ പേരാണ് ഹാന്‍ഡ്‌സ്പ്രിംഗ് പപ്പറ്റ് കമ്പനി തങ്ങളുടെ പാവയ്ക്കും നല്‍കിയിരിക്കുന്നത്. ലിറ്റില്‍ അമല്‍.

തങ്ങളുടെ പാവ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ എത്തുമ്പോഴേക്കും അവള്‍ക്കും അതുപോലെ അമ്മമാരെ നഷ്ടപ്പെട്ട അഭയാര്‍ത്ഥികളായ എല്ലാ കുട്ടികള്‍ക്കും അവരുടെ അമ്മമാരെ തിരിച്ച് കിട്ടട്ടെയെന്നാണ് ആഗ്രഹം. കമ്പനി വക്താക്കള്‍ പറയുന്നു.

‘സെന്റ് പോള്‍സിന്റെ താഴികക്കുടം ലോകമെമ്പാടും അറിയപ്പെടുന്നു. ഞങ്ങളുടെ വാതിലുകള്‍ നിങ്ങളെ സ്വീകരിക്കാന്‍ പര്യാപ്തമാണ്. ഈ നഗരത്തില്‍ അഭയം തേടുന്ന എല്ലാവരെയും സ്വീകരിക്കാന്‍ ഇവിടം പര്യാപ്തമാണ്. ലോകചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നഗരമാണ് ലണ്ടന്‍. ഇവിടെ എല്ലാവര്‍ക്കുമുള്ള ഇടമുണ്ട്. ‘ ലണ്ടനില്‍ ലിറ്റില്‍ അമലിനെ സ്വാഗതം ചെയ്ത് ഡീന്‍ ഡേവിഡ് ഐസണ്‍ പറഞ്ഞു.

ഗുഡ് ചാന്‍സിന്റെ ആദ്യ നിര്‍മ്മാണമായ ദി ജംഗിളിലെ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ലിറ്റില്‍ അമല്‍. കലൈസ് കുടിയേറ്റ ക്യാമ്പിനെക്കുറിച്ചുള്ള ഒരു നാടകത്തില്‍ നിന്നാണ് ഈ ആശയം രൂപപ്പെട്ടത്. ഹാന്‍ഡ്‌സ്പ്രിംഗ് പപ്പറ്റ് കമ്പനി നീണ്ട രണ്ട് വര്‍ഷത്തെ വര്‍ക്ക് ഷോപ്പുകളിലും ടെസ്റ്റിംഗിലുമാണ് കഥാപാത്രത്തിന്റെ ഭൗതിക രൂപം രൂപപ്പെടുത്തിയത്.

‘വ്യത്യസ്തമായ അവസ്ഥകളില്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാവ നിര്‍മ്മിക്കുക. അത് മഴയെയും ചൂടിനെയും പ്രതിരോധിക്കുകയും ചെയ്യുന്നതാവുക. ഇതായിരുന്നു നിര്‍മാണത്തിലെ പ്രധാന വെല്ലുവിളി. കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ വസ്തുക്കള്‍ കൊണ്ടാണ് അവളെ നിര്‍മ്മിച്ചിരിക്കുന്നത്,’ ഗുഡ് ചാന്‍സ് ടീം പറയുന്നു. നടക്കുമ്പോള്‍ അവളെ പരിപാലിക്കുന്ന പാവകളുടേയും സാങ്കേതിക വിദഗ്ധരുടേയും ഒരു സംഘവും അവള്‍ക്കൊപ്പമുണ്ടാകും.

നാടക രചയിതാവും സംവിധായകനുമായ അമീര്‍ നിസാര്‍ സുവാബി 2020 ല്‍ ഈ പദ്ധതിയില്‍ കലാസംവിധായകനായി ചേര്‍ന്നു. അമലിന്റെ ഇതിഹാസ യാത്ര ജൂലൈ 27 ന് ഗാസിയാന്‍ടെപ്പില്‍ നിന്നാണ് ആരംഭിച്ചത്.

അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറുടെ ഡാറ്റ പ്രകാരം അമല്‍ സഞ്ചരിച്ച ഈ കടല്‍ യാത്രാമാര്‍ഗ്ഗത്തിലൂടെ ഈ വര്‍ഷം മാത്രം 87,449 ആളുകള്‍ പശ്ചിമേഷ്യയില്‍ നിന്ന് യൂറോപിലേക്ക് കടന്നതായി പറയുന്നു. യുഎന്‍എച്ച്‌സിആറിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 1,299 പേരെങ്കിലും ഈ യാത്രയില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.