2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അമാന്‍ഡ ഗോര്‍മന്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രകാശപൂരിതമാക്കിയ കറുത്ത പെണ്ണ്

വാഷിങ്ടണ്‍: ‘ഓരോ പ്രഭാതം വരുമ്പോഴും ഞങ്ങള്‍ ഞങ്ങളോട് തന്നെ ചോദിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ഈ നിഴലുകളില്‍ ഞങ്ങള്‍ എവിടെയാണ് വെളിച്ചം കണ്ടെത്തേണ്ടത്’- അമാന്‍ഡ ഗോര്‍മന്‍ ചൊല്ലിത്തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ നിശബ്ദമായി. അമേരിക്കയെന്ന ലോകനേതാവിന്റെ നെറുകയില്‍ വംശീയതയുടേയും വര്‍ണവിവേചനത്തിന്റെയും നെഞ്ചത്ത് കയറി നിന്ന് ആ 22കാരിയായ കറുത്ത പെണ്ണ് ചൊല്ലിത്തുടങ്ങിയ വരികള്‍ക്ക് അത്രയേറെ ശക്തിയുണ്ടായിരുന്നു. അത്രമേല്‍ കരുത്തുണ്ടായിരുന്നു അവളുടെ ശബ്ദത്തിനും. ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി ഈ കറുത്ത പെണ്ണ്. ഒപ്പം 78കാരന്‍ പ്രസിഡന്റില്‍ ലോകത്തിന്റെ പ്രതീക്ഷയുടെ തിരി ഒന്നുകൂടി തെളിച്ചു വെക്കുന്നു ഈ തെരഞ്ഞെടുപ്പ്.

‘അടിമകള്‍ക്കിടയില്‍ നിന്നും ഇറങ്ങി വന്ന അമ്മയുടെ മാത്രം തണലില്‍ വളര്‍ന്ന കറുത്ത മെലിഞ്ഞ പെണ്‍കുട്ടിക്ക് സ്വപ്‌നത്തില്‍ മാത്രം കാണാവുന്നതാണ് അമേരിക്കന്‍ പ്രസിഡന്റാവുക എന്നത്’- The Hill We Climb എന്ന തന്റെ കവിതയില്‍ അവള്‍ പാടി.

അവസരോചിതവും വിവേകപൂര്‍ണവുമായ രചനയിലൂടേയും മനോഹരമായ അവതരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ യുവകവികളില്‍ ഏറ്റവും ശ്രദ്ധേയായ അമാന്‍ഡ. തന്റെ കവിതയിലൂടെ അധ്വാനത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ ആഹ്ലാദവും അമാന്‍ഡ പങ്കു വെച്ചു.

കാപ്പിറ്റോളില്‍ അരങ്ങേറിയ അതിക്രമത്തേയും തന്റെ കവിതയില്‍ മറക്കാതെ ഉള്‍പ്പെടുത്തിയ അമാന്‍ഡ ജനാധിപത്യത്തിന്റെ ശക്തിയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും കവിതയില്‍ കുറിച്ചു.
‘ജനാധിപത്യത്തില്‍ ചെറിയ കാലതാമസം വരുത്താനായേക്കാം, എന്നാല്‍, എന്നെന്നേക്കുമായി തോല്‍പ്പിക്കാനാകില്ല.’ – അമാന്‍ഡ കുറിച്ചു.

അഞ്ച് നിമിഷം ദൈര്‍ഘ്യമുള്ള കവിത അവതരിപ്പിക്കാനാണ് അമേരിക്കയുടെ പ്രഥമ ദേശീയ യുവകവി പുരസ്‌കാരം 2017 ല്‍ കരസഥമാക്കിയ അമാന്‍ഡയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്.

‘സ്വേച്ഛാധിപതികള്‍ കവികളെ ഭയപ്പെടുന്നു. എന്നാല്‍, എത്ര വേദനിച്ചാലും മുറിവുകള്‍ തുന്നിച്ചേര്‍ക്കുക തന്നെ ചെയ്യു’മെന്നും കവിതയില്‍ പറയുന്നു.

പ്രഥമ വനിത ജില്‍ ബൈഡനാണ് 2017ല്‍ അമേരിക്കയുടെ പ്രഥമ യുവ കവിതാ പുരസ്‌കാര ജേതാവായ അമാന്‍ഡയുടെ പേര് നിര്‍ദേശിച്ചത്. അല്‍ഗോര്‍, ഹിലരി ക്ലിന്റണ്‍, മലാല യൂസഫ്‌സായ്, ലിന്‍ മാനുവല്‍ മിറാന്‍ഡ തുടങ്ങിയ പ്രമുഖര്‍ക്ക് വേണ്ടിയും ഇവര്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചടങ്ങിന് ശേഷം അഭിന്ദന പ്രവാഹമാണ് അമാന്‍ഡക്ക്. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതാണ് അമാന്‍ഡയുടെ കവിതയെന്ന് മിഷേല്‍ ഒബാമ ട്വീറ്റ് ചെയ്തപ്പോള്‍ 2036 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമാന്‍ഡ മത്സരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് താനെന്ന് ഹിലാരി ക്ലിന്റന്‍ ട്വിറ്ററില്‍ കുറിച്ചു.

കുട്ടിക്കാലത്ത് പ്രസംഗവേദികളിലാണ് അമാന്‍ഡ തിളങ്ങിയത്. വാക്കുകളുടെ പ്രയോഗവും ഉച്ചാരണസ്ഫുടതയും ഏറെ ശ്രദ്ധ നല്‍കേണ്ട സംഗതികളാണെന്ന് ലോസ് ആഞ്ജലിസ് ടൈംസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അമാന്‍ഡ പറഞ്ഞിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ‘ദ വണ്‍ ഫോര്‍ ഹൂം ഫുഡ് ഇസ് നോട്ട് ഇനഫ്’ ആണ് അമാന്‍ഡയുടെ ആദ്യ പുസ്തകം. അടുത്ത പുസ്തകം ഇക്കൊല്ലം പുറത്തിറങ്ങും.

‘അമേരിക്ക ഒറ്റക്കെട്ട്’ എന്ന ആശയത്തിലൂന്നിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ‘ദേശീയഗാനം ആലപിച്ചത് ലേഡി ഗാഗ, ജെന്നിഫര്‍ ലോപസിന്റെ നൃത്തവിരുന്നുമുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.