വാഷിങ്ടണ്‍ ഡി.സി: വൈദ്യശാസ്ത്രരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി മാറ്റിവെച്ചു. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡ് ബെന്നറ്റ് എന്ന 57കാരനായ രോഗിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ നിര്‍ണായകമാകും ഈ സംഭവമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മൂന്ന് ദിവസം മുന്‍പാണ് നടന്നത്.
‘ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ആവേശഭരിതരാണ്. ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യമാണ്’ ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നതെന്നും അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം വന്‍ കുതിച്ചുചാട്ടമാകുമെന്നും ഗ്രിഫിത്ചൂണ്ടിക്കാട്ടി.
ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ അവയവം മാറ്റിവെയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു. അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യ ഹൃദയം മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷേ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ അതിലേറെയാണ്. ഇതോടെയാണ് പന്നികളുടെ ഹൃദയം മാറ്റിവെയ്ക്കാനുള്ള സാധ്യത ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും ഗവേഷണം ഊര്‍ജിതമാക്കി. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.
ഭാവിയിലെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഈ ശസ്ത്രക്രിയാ വിജയം നിര്‍ണായകമായി മാറുമെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിന്റെ ഫലമായാണ് ഈ ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ വിജയകരമായിരുന്നു. ഒമ്പത് മാസത്തിലേറെ പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments are closed for this post.