2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഒടുവില്‍ രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കന്‍ യുദ്ധത്തിന് വിരാമം; അഫ്ഗാനില്‍ നിന്ന് അവസാന സൈനികനും മടങ്ങി

കാബൂള്‍: ഒടുവില്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം അവസാനിച്ചു. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാനില്‍ മണ്ണില്‍ നിന്ന് പടിയിറങ്ങി. 20 ആണ്ട് നീണ്ട യുദ്ധത്തിനാണ് ഇതോടെ തിരശ്ശീല വീണത്. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേല്‍പ്പിച്ചാണ് ഇരുപത് വര്‍ഷത്തിനു ശേഷം മടങ്ങുന്നത്.

അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം ഇ17 ഇന്ത്യന്‍ സമയം രാത്രി 12 .59 നാണ് പറന്നുയര്‍ന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കം അവസാന വിമാനത്തില്‍ മടങ്ങി.

വന്നത് ഭീകരതയെയും താലിബാനെയും തുരത്താന്‍
2001 സെപ്തംബര്‍ 11 ആക്രമണത്തിനു പിന്നാലെ ഭീകരതക്കെതിരായ പോരാട്ടത്തിനെന്നു പറഞ്ഞാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയത്. ഉസാമ ബിന്‍ ലാദന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ താവളമൊരുക്കി എന്നതായിരുന്നു കാരണം. താലിബാന്‍ ഭരണത്തെ തകര്‍ത്ത് തങ്ങള്‍ക്കിഷ്ടപ്പെട്ട ചിലരില്‍ ഭരണമേല്‍പ്പിച്ചു. അതോടെ എന്നെന്നേക്കുമായി താലിബാന്‍ അവസാനിച്ചു എന്ന് അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു. ഇനി അഫ്ഗാനിലെ ജനങ്ങള്‍ക്കെല്ലാം സ്വാതന്ത്യം , സമാധാനം എന്നു കൂടി അമേരിക്ക വാഗ്ദാനം ചെയ്തു. 10വര്‍ഷം മുന്‍പ് ഉസാമ ബിന്‍ ലാദനെ വധിച്ചെന്നും അമേരിക്ക പ്രഖ്യാപിച്ചു.

ഭീകരത തുരത്താന്‍ വന്ന് ജനജീവിതം ഭീതിദമാക്കി
ഭീതകര തുരത്താന്‍ വന്ന് ജനജീവിതെ ദുസ്സഹമാക്കി നാറ്റോ, അമേരിക്കന്‍ പട എന്നു പറയാം. വാഗ്ദാനം ചെയ്തതൊന്നും അഫ്ഗാനിസ്ഥാനികള്‍ക്ക് അമേരിക്കക്ക് നല്‍കാനായില്ല. പകരം സാധാരണക്കാരുള്‍പെടെ നിരവധി ജീവനുകള്‍ അമേരിക്കയുടെ തേരോട്ടത്തില്‍ നഷ്ടമായി. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായി. പട്ടിണിയും ദുരിതവും പെരുകി.

20 വര്‍ഷത്തെ യുദ്ധത്തില്‍ 47,500 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതില്‍ 37 % കുട്ടികള്‍. 75000 അഫ്ഗാന്‍ സൈനികരും 84,000 താലിബാന്‍ സേനാംഗങ്ങളും കൊല്ലപ്പെട്ടു. 25 ലക്ഷം പേര്‍ അഭയാര്‍ഥികളായി. 20 ലക്ഷം വിധവകളെ സൃഷ്ടിച്ചു. ഒരു കോടി കുട്ടികള്‍ പട്ടിണിയിലായി. 2,500ലധികം അമേരിക്കന്‍ സൈനികരെ അമേരിക്കക്ക് നഷ്ടമായി1,150 നാറ്റോ സൈനികരും ജീവന്‍ വെടിഞ്ഞു.

യുദ്ധം വെറുത്ത് അമേരിക്കന്‍ ജനതയും
ഒടുവില്‍ അമേരിക്കന്‍ ജനത തന്നെ ചോദിച്ചു തുടങ്ങി എന്തിനാണ് ഈ യുദ്ധം. പോരാട്ടത്തിനെന്നു പറഞ്ഞ് ഇറങ്ങിപ്പോയവരുടെ ശവപ്പെട്ടികളും വഹിച്ച് അഫ്ഗാനില്‍ നിന്ന് പറന്നിറങ്ങുന്ന വിമാനങ്ങള്‍ കണ്ട അവര്‍ക്ക് മതിയായി തുടങ്ങിയിരുന്നു. ഭാകരതയെ തുരത്താനെന്ന പേരില്‍ ഭരണകൂടം തങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്ന ഭീകരവസ്ഥയെ അത്രമേല്‍ ഭയപ്പെട്ടും വെറുത്തും തുടങ്ങി അമേരിക്കന്‍ ജനത. സേവനത്തിലിരുന്ന നിരവധി സൈനികര്‍ മാനസിക രോഗികളായി. പലരും ആത്മഹത്യ ചെയ്തു. അപ്പോഴേക്കും രണ്ടര ട്രില്യണ്‍ യുഎസ് ഡോളര്‍ ചെലവായിരുന്നു. ഇനിയും കടം വാങ്ങി യുദ്ധം ചെയ്യേണ്ട എന്ന് അമേരിക്ക തീരുമാനിച്ചു.

പിന്മാറ്റം
ബറാക് ഒബാമ തന്നെ സേനാ പിന്‍മാറ്റം ആരംഭിച്ചു. പിന്നാലെ വന്ന ഡോണാള്‍ഡ് ട്രംപ് താലിബാനുമായി കരാറുണ്ടാക്കി. അഫ്ഗാന്‍ വംശജനായ യു.എസ് നയതന്ത്രജ്ഞന്‍ സല്‍മേയ് ഖലീല്‍സാദും താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ ബരാദറുമാണ് കരാറില്‍ ഒപ്പിട്ടത്. അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരിട്ട് ആ ചടങ്ങിനെത്തി. ഒടുവില്‍ ബൈഡന്‍ കാലത്ത് കരാര്‍ പൂര്‍ത്തിയായിരിക്കുന്നു.

തുരത്താന്‍ വന്നവരെ ഭരണമേല്‍പിച്ച് ഉപാധികളില്ലാതെ മടക്കം
ആര്‍ക്കെതിരെയാണോ യുദ്ധം ചെയ്യാന്‍ വന്നത് അവരെ ഭരണമേല്‍പ്പിച്ചാണ് അമേരിക്കയും നാറ്റോ സഖ്യവും കളം വിട്ടിരിക്കുത്. അതും താലിബാന് മുന്‍പില്‍ യാതൊരു ഉപാധിയും വെക്കാതെ.അമേരിക്കന്‍ പിന്മാറ്റം വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷിച്ചത്.
ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ബൈഡന്‍ നന്ദിയറിയിച്ചു. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News