കൊളംബൊ: ജനകീയ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതിനെ തുടര്‍ന്ന് കൊട്ടാരം വിട്ട് ഒളിവില്‍ പോയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ മാലദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാജി വെക്കാനിരിക്കെയാണ് ഗോടബയ കടന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേര്‍ മാലദ്വീപിലെത്തിയതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവര്‍ മാലദ്വീപിലെത്തിയത്. രാജിക്ക് ശേഷം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്റ് രാജ്യം വിട്ടത്.
വിദേശരാജ്യത്തേക്ക് രക്ഷപ്പെടാന്‍ ചൊവ്വാഴ്ച കൊളംബൊ വിമാനത്താവളത്തിലെത്തിയ ഗോടബയയെയും ഭാര്യയേയും എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ നാവിക സേനയുടെ സഹായം തേടി. പട്രോള്‍ ബോട്ടില്‍ മാലദ്വീപിലോ ഇന്ത്യയിലോ എത്തിയശേഷം ദുബൈക്ക് കടക്കാനായിരുന്നു നീക്കം. ഇതും ഫലം കണ്ടിരുന്നില്ല.
കടുത്ത സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് പൊറുതിമുട്ടിയ ജനം ശനിയാഴ്ചയാണ് ഗോടബയയുടെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയത്. പ്രക്ഷോഭകര്‍ എത്തുംമുമ്പേ രക്ഷപ്പെട്ട ഗോടബയ വ്യോമസേനയുടെ സഹായത്തോടെ രഹസ്യക്യാമ്പില്‍ കഴിയുകയായിരുന്നു. ഇത് വ്യോമസേന നിഷേധിച്ചിട്ടുണ്ട്. കൊളംബോ വിമാനത്താവളത്തിലെ വി.ഐ.പി യാത്രാമാര്‍ഗത്തിലൂടെ ദുബൈക്ക് കടക്കാനായിരുന്നു ഗോടബയയുടെ പദ്ധതി. വിമാനത്താവള അധികൃതര്‍ അത് തടഞ്ഞതിനെ തുടര്‍ന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ ഗോടബയക്ക് യാത്ര മുടങ്ങുകയായിരുന്നു.
Comments are closed for this post.