2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെട്ടടങ്ങാതെ ശ്രീലങ്ക; പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ടു, പ്രസിഡന്റ് 13ന് രാജിവെക്കും

   

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ രാജിക്ക് സമ്മതമറിയിച്ച് പ്രസിഡന്റ് ഗോടബയ രാജപക്‌സെ. ജൂലൈ 13ന് അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ വസതിയും ഓഫിസും പ്രക്ഷോഭകാരികള്‍ പിടിച്ചടക്കിയതോടെയാണ് പ്രസിഡന്റ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.

സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ജൂലൈ 13ന് രാജി സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബുധനാഴ്ച വരെ രാജപക്‌സെ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ജനങ്ങള്‍ അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

രാജിവെച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ, പ്രസിഡന്റ് ഗോടബയ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്റെ പിന്തുടര്‍ച്ചയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനില്‍ വിക്രമസിംഗെ പറഞ്ഞിരുന്നു. എല്ലാ കക്ഷികളേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി താന്‍ പ്രധാനമന്ത്രിപദം രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ ഉടനടി രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ നാടകീയമായി പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു. പ്രസിഡന്റ് രാജ്യംവിട്ടതായി അഭ്യൂഹമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.