റിപ്പോര്‍ട്ട് പത്തനംതിട്ടയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കി
കനത്ത കമ്പികള്‍ കൊണ്ട് തീര്‍ത്ത കൂറ്റന്‍ സുരക്ഷാ ഗെയിറ്റിനുള്ളിലെ ഇരു നില വീട്ടിനുള്ളില്‍ തനിച്ചാണ് അന്നമ്മ ജേക്കബ്. എത്ര വര്‍ഷമായി 12 മുറികളുള്ള ആ കൂറ്റന്‍ വീടിനുള്ളില്‍ തനിച്ച് കഴിയാന്‍ തുടങ്ങിയിട്ടെന്ന് അന്നമ്മയില്‍ ശേഷിക്കുന്ന ഓര്‍മകള്‍ക്ക് പറയാനാവുന്നില്ല. തിളക്കമുള്ള ചുവന്ന ടൈലുകള്‍ പതിച്ച ആ കൂറ്റന്‍ വീടിന്റെ പഴക്കത്തോളം അവരുടെ ഓര്‍മകളും മങ്ങിത്തുടങ്ങിയിരിക്കുന്നു.
ഒരു പ്രമുഖ ഓയില്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന ഭര്‍ത്താവ് 80കളില്‍ മരിച്ചു. മകന്‍ രണ്ട് പതിറ്റാണ്ടിലേറെയായി അബുദബിയാലാണ്. മകള്‍ കുറച്ചപ്പുറെയാണ് താമസമെങ്കിലും അവളുടെ ഭര്‍ത്താവും മൂന്ന് പതിറ്റാണ്ടിലേറെയായി വിദേശത്താണ്. തൊട്ടടുത്ത വീടാണെങ്കില്‍ ആളില്ലാതെ അടച്ചിട്ടിരിക്കുകയാണ്. അവിടെയുള്ളവര്‍ മക്കളോടൊപ്പം വിദേശത്താണ്. എന്തിനാണ് ഈ വീട്ടില്‍ തനിച്ച് കഴിയുന്നതെന്ന് ചോദിച്ചപ്പോള്‍ പിന്നെ ഞാനെന്തു ചെയ്യാനാണെന്നാണ് നിസ്സഹായതയില്‍ ചാലിച്ച ചിരിയോടെയുള്ള അന്നമ്മയുടെ മറുപടി. വലിയ വീടുകള്‍ സ്റ്റാറ്റസിന്റെ ഭാഗമായതിനാല്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയ തോട്ടമുണ്ട് അന്നമ്മക്ക്. കപ്പയും വാഴയും തുടങ്ങി. അവയാണ് കൂട്ട്. പിന്നെ ഡയാന എന്ന ഒരു പട്ടിയുണ്ട്. പലപ്പോഴും ഡയാനയോട് മാത്രമാണ് സംസാരിക്കാറ്. മറ്റാരുമുണ്ടാവില്ല. അവള്‍ക്ക് പറയുന്നതെല്ലാം മനസ്സിലാവും- അന്നമ്മ പറയുന്നു. വിലകൂടി കാര്‍പെറ്റ് വിരിച്ച അവരുടെ ലിവിങ് റൂമില്‍ അടുക്കുംചിട്ടയും തെറ്റിക്കിടക്കുന്ന വസ്തുക്കള്‍ പറയുന്നുണ്ട് അവരുടെ ജീവിതത്തില്‍ തെറ്റിക്കിടക്കുന്ന ബന്ധങ്ങളുടെ അടുക്കുകളെ കുറിച്ച്. കുട്ടികള്‍ക്കൊപ്പം വിദേശ യാത്രയൊക്കെ നടത്തിയിട്ടുണ്ട് അന്നമ്മ. കൂട്ടിന് ആരെയെങ്കിലും നിര്‍ത്താനും ഭയമാണ് അവര്‍ക്ക്. അവര്‍ തന്നെ കൊന്നു കളഞ്ഞാലോ അന്നമ്മ ചോദിക്കുന്നു.
‘കേരളം: ലോകത്തിലെ ഏറ്റവും ജനവാസമുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated coutnry) എന്ന പേരില്‍ ബി.ബി.സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അന്നമ്മയുടെ കഥ പറയുന്നത്. അധികം അകലയല്ലാതെയുള്ള മറ്റൊരു ഏകാന്തവാസിയെ കുറിച്ചും പറയുന്നു ബി.ബി.സി റിപ്പോര്‍ട്ടില്‍. ചാക്കോ മാമന്‍. ഹൃദ്രോഗിയാണ് അദ്ദേഹം. കൂട്ടിന് ഡയബറ്റിക്‌സും. മൂന്ന് പതിറ്റാണ്ടോളം ഒമാനിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഒരു കുഞ്ഞു കട തുറന്നു. നോക്കി നടത്താനാളില്ലാതെ അത് പൂട്ടി. ഇപ്പോള്‍ ചെറിയ കൃഷിപ്പണികളുമായി തനിച്ച് ജീവിക്കുകയാണ് ഈ 64കാരന്‍.
കൊട്ടാര സമാനമായ വീടുകള്‍ക്ക് കാവലായി കുറേ വൃദ്ധര്‍
വലിയ കൊട്ടാരങ്ങള്‍ക്ക് സമാനമായ വീടുകള്‍ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കള്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൂന്ന് വൃദ്ധസദനങ്ങളുണ്ട് ഈ ഗ്രാമത്തില്‍. അലക്,ാണ്ടര്‍ മാര്‍ത്തോമ മെമ്മോറിയല്‍ ജെറിയാട്രിക് സെന്റര്‍. 150 ബെഡുകളുള്ള ഒരു ആശുപത്രിയുമുണ്ട് ഇതോടൊപ്പം. 85നും 101നും ഇടയില്‍ പ്രായമുള്ള 100 അന്തേവാസികളുണ്ട് ഇവിടെ. പലരും തീരെ കിടപ്പിലായവരാണ്. മാസം 50,000 രൂപ അയച്ചു കൊടുക്കും കുടംബങ്ങള്‍. വല്ലപ്പോഴും മക്കള്‍ കാണാന്‍ വരും. അധികം ദൂരത്തല്ലാത്ത മറ്റൊരു വൃദ്ധ സദനത്തില്‍ 60 അന്തേവാസികളാണ്. ഇതില്‍ 31പേര്‍ കഴിഞ്ഞ വര്‍ഷം വന്നവരാണ്. വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവര്‍ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ല്‍പ്പരം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളില്‍ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകള്‍ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉള്‍പ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറയുന്നതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്.
കുട്ടികളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
തുടര്‍വിദ്യാഭ്യാസ രംഗത്ത് മുന്‍പിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് പല സ്‌കൂളുകളെന്നും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു.വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ കുടിയേറിയ സാഹചര്യത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ ഇല്ലാത്ത അവസ്ഥയാണ് നിലവില്‍.
വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ചില സ്‌കൂളുകളില്‍ വരും വര്‍ഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക അധ്യാപകര്‍ പങ്കുവയ്ക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍. കുട്ടികളെ തേടി അധ്യാപകര്‍ വീടുകള്‍ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വര്‍ഷം പഴക്കമുള്ള ഒരു സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നിലവില്‍ 50 വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 1980 കളുടെ അവസാനം വരെ 700 കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളായിരുന്നു അത്. പഠിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടണത്തിന്റെ അരികില്‍ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഏഴ് വിദ്യാര്‍ഥികള്‍ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. ഇവിടെ 2016 ല്‍ പഠിച്ചത് ഒരു വിദ്യാര്‍ഥി മാത്രമാണെന്നും അധ്യാപകര്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.
ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകള്‍ക്ക് നല്‍കാനായി എട്ട് അധ്യാപകര്‍ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികള്‍ ഇല്ലെന്നും, ആളുകള്‍ താമസിക്കുന്നത് വളരെ കുറവാണെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. ജയദേവി പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു. കുമ്പനാടും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം സ്‌കൂളുകളുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ വളരെ കുറവാണെന്നും ജനനനിരക്ക് കുറവായതിനാല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് സമാനമായ ജനസംഖ്യ വര്‍ധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
Comments are closed for this post.