2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ന്യൂസിലാന്‍ഡ് ജസീന്തയോട് പറഞ്ഞു ‘പ്രിയപ്പെട്ടവളേ ഞങ്ങളെ നീ തന്നെ നയിച്ചാല്‍ മതി’; ഈ ചരിത്രവിജയം ജനങ്ങളുടെ ഭരണാധികാരിക്ക് ലഭിച്ച സമ്മാനം

ഫര്‍സാന കെ

അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതിനര്‍ഹത. ചരിത്രവിജയത്തിന്റെ കരുത്തോടെ വീണ്ടും ആ നാടിന്റെ നായകത്വത്തിലേക്ക് നടന്നു കയറാന്‍. ഒരു കുഞ്ഞു നാടിന്റെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയ, നിലപാടുകള്‍ കൊണ്ട് ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും ആദരവും സ്‌നേഹവും പിടിച്ചു വാങ്ങിയ സ്‌നേഹവും കാരുണ്യവും ധൈര്യവും സ്ഥൈര്യവും …അങ്ങിനെ എല്ലാം ഒത്തിണങ്ങിയ ജസീന്ത ആര്‍ഡേന്‍ എന്ന അവരുടെ പ്രിയ പ്രധാനമന്ത്രിയെ അല്ലാതെ അവര്‍ പിന്നെ ആരെ തെരഞ്ഞെടുക്കും അവര്‍ വീണും ആ സ്ഥാനത്തേക്ക്. ഒരു സംശയവുമില്ലാതെ പറയാം ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത, ജനങ്ങളുടെ ഭരണാധികാരിക്ക് ജനങ്ങള്‍ നല്‍കിയ സമ്മാനമാണ് ഈ ചരിത്ര വിജയം.

രാജ്യമിന്നോളം കാണാത്ത രീതിയിലുള്ള ഉജ്വല വിജയമാണ് ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേടിയത്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് ജസീന്തയുടെ ലേബര്‍ പാര്‍ട്ടിക്ക്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്ക് സ്വന്തം. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്റില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ സഖ്യക്ഷികളായ ഗ്രീന്‍ പാര്‍ട്ടി 7.6 ശതമാനം വോട്ടും ഫസ്റ്റ് പാര്‍ട്ടി 2.6 ശതമാനം വോട്ടുമാണ് നേടിയത്.

ലോകം മനസ്സേറ്റിയ ആ ആലിംഗനം
2019 മാര്‍ച്ച് 15 വെള്ളിയാഴ്ച. ലോകത്തെ മുഴുവന്‍ നടുക്കിയസംഭവം അന്നായിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മസ്ജിദുകളില്‍ നിസ്‌ക്കരിക്കാന്‍ വന്നവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു ആസ്‌ത്രേലിയന്‍ പൗരനായ ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റ്. 51 പേരാണ് ബ്രന്റെന്റെ തോക്കിന്‍ മുനയില്‍ മരിച്ചൊടുങ്ങിയത്.

സാധാരണ പ്രധാനമന്ത്രിമാരെ പോലെ അധികാരത്തിന്റെ സുഖശീതളിമയില്‍ ഇരുന്ന് നടുക്കം പ്രകടിപ്പിക്കുയോ അനുശോചനം രേഖപ്പെടുത്തുകയോ ആയിരുന്നില്ല ജസീന്ത ആര്‍ഡേന്‍ എന്ന പെണ്‍പ്രധാനമന്ത്രി ചെയ്തത്. ശീതികരിച്ച മുറിയില്‍ അവര്‍ നിരത്തിലേക്കിറങ്ങി. ഇരകളുടെ കുടംബങ്ങളെ ചേര്‍ത്തു പിടിച്ചു. അവരോടൊപ്പം കരഞ്ഞു. വേദനിച്ചു.

മുസ്‌ലിമായതിന്റെ പേരില്‍ നടത്തിയ കൊലപാതകിക്കെതിരെ തട്ടമണിഞ്ഞ് വന്നവര്‍ രോഷാഗ്നിയായി. ഈ നാട്ടില്‍ വംശവെറി അനുവദിക്കില്ലെന്ന് ധീരമായി പ്രഖ്യാപിച്ചു. അടുത്തയാഴ്ചത്തെ ജുമുഅ നിസ്‌ക്കാരത്തിന് സാക്ഷിയാവാന്‍ അവരുമെത്തി. തന്റെ നാട്ടില്‍ വംശവെറിക്കു മുന്നില്‍ ഇരകളാവേണ്ടി വന്നവരോട് ഗദ്ഗദത്തോടെ മാപ്പു ചോദിച്ചു. അസ്സലാമുഅലൈക്കും എന്ന് അവര്‍ തന്റെ ജനതയോട് സമാധാനം ചൊല്ലി. അവരോതിയ സമാധാന വാക്കുകള്‍ക്ക് ന്യൂസിലന്‍ഡ് ജനത മാത്രമല്ല ലോകം മുഴുവനുമാണ് അന്ന് മറുപടിയോതിയത്.

പൊലിസുകാരന്റേയും പാചകക്കാരിയുടേയും മകള്‍
ഹാമില്‍ട്ടണില്‍ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലിസ് ഉദ്യോഗസ്ഥനായ റോസ് ആര്‍ഡേന്റെയും സ്‌കൂളിലെ പാചകക്കാരിയായ ലോറല്‍ ആര്‍ഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഉന്നത വിജയത്തോടെ പഠനം പൂര്‍ത്തിയാക്കി. പൊളിറ്റിക്‌സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് ബിരുദമാണ് അവര്‍ പഠിച്ചത്. ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന അമ്മായി മാരീ ആര്‍ഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവര്‍ വളര്‍ന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകര്‍ഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആര്‍ഡേന്റെ സവിശേഷത.


2008ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയര്‍ന്നത്. ഈ സമയത്ത് ജോര്‍ദാന്‍, ഇസ്‌റാഈല്‍ അല്‍ജീരിയ, ചൈന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. 2008ല്‍ത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവര്‍ ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ന്യൂസിലാന്‍ഡ് പ്രതിപക്ഷനേതാവായും അവര്‍ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബര്‍ ന്യൂസിലാന്‍ഡിന്റെ നാല്‍പ്പതാമത് പ്രധാനമന്ത്രിയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആര്‍ഡേന്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ശക്തമായ ഇടപെടലാണ് ഇവര്‍ നടത്തിയത്. എല്ലാ ജനങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കുന്നതരത്തില്‍ ആരോഗ്യസംവിധാനം ഉടച്ചുവാര്‍ത്തു. എല്ലാവര്‍ക്കും വീട് എന്ന പദ്ധതി നടപ്പാക്കി. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവര്‍ക്കും വേതനവര്‍ധനവ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. 150 വര്‍ഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആര്‍ഡേന്‍.

ജനങ്ങള്‍ നെഞ്ചേറ്റി അവരുടെ കുടുംബത്തേയും

ടി.വി അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ ഭര്‍ത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോര്‍ഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. പ്രധാനമന്ത്രിയായിരിക്കെ 2018 ജൂണ്‍ 21ന് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

സ്വവര്‍ഗാനുരാഗത്തെ പിന്തുണച്ചു, സഭ വിട്ടു

സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ജസീന്ത ആര്‍ഡന്‍ 2005ല്‍ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവര്‍ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

പിടിച്ചു കെട്ടി കൊവിഡിനേയും
വംശവെറിയെ മാത്രമല്ല് കൊവിഡിനേയും പിടിച്ചുകെട്ട് ഈ ചെറുപ്പക്കാരി. ലോകത്തെ ഭീമന്‍ രാജ്യങ്ങള്‍ പോലും പകച്ചു നിന്നപ്പോള്‍ വളരെ ആസൂത്രിതമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതില്‍ വിജയിക്കാനും കഴിഞ്ഞു ഇവര്‍ക്ക്. വളരെ നേരത്തെ തന്നെ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയും അതിര്‍ത്തികള്‍ അടച്ചും ക്വാറന്റൈന്‍ കര്‍ശനമാക്കിയുമാണ് ജസീന്ത കൊവിഡിനെ പിടിച്ചുകെട്ടിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.